തലവേദനയ്ക്ക് പരിഹാരം തേടി ഡോക്ടറെ കണ്ട യുവാവിന്റെ തലച്ചോറിൽ നിന്ന് രണ്ട് ചോപ്സ്റ്റിക്കുകൾ കണ്ടെത്തി ഡോക്ടർമാർ. വിയറ്റ്നാമിലെ വിയറ്റ്നാം ക്യൂബ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റലിലാണ് സംഭവം. ഏറെ നാളായി തലവേദനയും മൂക്കിൽ നിന്ന് പ്രത്യേക ദ്രാവകവും വരുന്നുണ്ടെന്ന് പറഞ്ഞാണ് യുവാവ് ആശുപത്രിയിൽ എത്തിയത്.
വിദഗ്ധ പരിശോധനയ്ക്കായി സിടി സ്കാൻ നടത്തിയപ്പോൾ യുവാവിന് ടെൻഷൻ ന്യൂമോസെഫാലസ് ആണെന്ന് കണ്ടെത്തി. ഇത് അപൂർവവും എന്നാൽ ജീവൻ അപകടപ്പെടുത്താൻ സാധ്യതയുള്ളതുമായ ഒരു ന്യൂറോളജിക്കൽ അവസ്ഥയാണ്. തുടർന്നാണ് മൂക്കിലൂടെ തലച്ചോറിലെത്തിയ രണ്ട് ചോപ്സ്റ്റിക്കുകളാണ് ഇതിന്റെ മൂലകാരണമെന്ന് കണ്ടെത്തിയത്. തുടർന്ന് ഓപ്പറേഷനിലൂടെ ചോപ്സ്റ്റിക് പുറത്തെടുക്കുകയായിരുന്നു.
എന്നാൽ തന്റെ മൂക്കിനുള്ളിൽ എങ്ങനെയാണ് ചോപ്സ്റ്റിക് കയറിയതെന്ന് അറിയില്ലെന്ന് യുവാവ് പ്രതികരിച്ചു. മാസങ്ങൾക്ക് മുൻപ് മദ്യപിച്ച് താൻ തന്റെ സുഹൃത്തുമായി വഴക്കിട്ടിരുന്നുവെന്നും അന്ന് സംഭവിച്ചതാകാം ഇതെന്നുമാണ് യുവാവ് പറയുന്നത്.
Discussion about this post