ന്യൂഡല്‍ഹി:സൈബര്‍ തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍ അവതരിപ്പിച്ച പുതിയ നിയമം ഡിസംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തിലാകും. സിം കാര്‍ഡുകള്‍ കൂട്ടത്തോടെ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഉള്‍പ്പെടെ നിയന്ത്രണമേര്‍പ്പെടുത്തുന്ന നിയമം പക്ഷെ പൊതുവിപണിയില്‍ തിരിച്ചടിയാകില്ല. വിതരണക്കാര്‍ക്ക് രജിസ്ട്രേഷന് നിര്‍ബന്ധമാക്കിയതോടെ സിം കാര്‍ഡുകള്‍ ആരാണ് വാങ്ങിയതെന്ന് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ എളുപ്പത്തില്‍ കണ്ടുപിടിക്കാനാകും.
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനുളള നിര്‍ണായക നീക്കമാണിതെന്ന് വിലയിരുത്തപ്പെടുന്നു. കൂട്ടത്തോടെ സിം കാര്‍ഡുകള്‍ വാങ്ങാനാകില്ലെങ്കിലും തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് ഒരാള്‍ക്ക് ഒന്‍പത് കാര്‍ഡുകള്‍ വരെ വാങ്ങാം. ഓഗസ്റ്റിലാണ് നിയമം അവതരിപ്പിച്ചത്. പുതിയ ചട്ടങ്ങള്‍ പ്രകാരം എല്ലാ വിതരണക്കാരും വെരിഫിക്കേഷന് വിധേയരാകണം. നിലവിലെ ഡീലര്‍മാര്‍ക്ക് ഒരു വര്‍ഷം സാവകാശം അനുവദിച്ചിട്ടുണ്ട്. ഇല്ലെങ്കില്‍ 10 ലക്ഷം രൂപ വരെ പിഴ അടയ്ക്കേണ്ടിവരും. വിതരണക്കാരുടെ വെരിഫിക്കേഷന് ടെലികോം ഓപ്പറേറ്റര്‍മാരാണ് നടത്തേണ്ടത്.
ഒരു നമ്പര്‍ മുന്‍ ഉപഭോക്താവ് വിച്ഛേദിച്ച് 90 ദിവസം കഴിഞ്ഞാല്‍ മാത്രമേ പുതിയ ഉപഭോക്താവിന് നല്‍കാവൂ. മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും ബ്ലോക്ക് ചെയ്യുന്നതിനായി സഞ്ചാര്‍ സാഥി പോര്‍ട്ടല്‍ സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം ആരംഭിച്ചിരുന്നു. അതോടൊപ്പം അനധികൃത മൊബൈല്‍ കണക്ഷനുകള്‍ കണ്ടെത്തുന്നതിനായി എഐ അടിസ്ഥാനമാക്കിയുള്ള എഎസ്ടിആര്‍ സോഫ്റ്റ്വെയറും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.
Discussion about this post