മുംബൈ: മുബൈയിൽ കഴിഞ്ഞ ദിവസം കാണാതായ ആറ് വയസുകാരനെ കണ്ടെത്താൻ നിർണായകമായത് മുംബൈ പോലീസിന്റെ അഭിമാനമായ സ്നിഫർ ഡോഗ് ലിയോ. മുംബൈ പോലീസിന്റെ ബോംബ് ഡിസ്പോസൽ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡിന്റെ (ബിഡിഡിഎസ്) സ്നിഫർ ഡോഗ് ആണ് ലിയോ.
കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയ ആറ് വയസുകാരനെയാണ് അന്ധേരി ഈസ്റ്റിലെ അശോക് നഗർ പ്രദേശത്ത് കാണാതായത്. കുടുംബം പ്രദേശത്താകെ വ്യാപകമായ തിരച്ചിൽ നടത്തിയിട്ടും കുഞ്ഞിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ കുട്ടിയുടെ മാതാപിതാക്കൾ പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങൾ ഒന്നും തന്നെ കണ്ടെത്താൻ കഴിയാഞ്ഞത് അന്വേഷണത്തെ കാര്യമായി ബാധിച്ചു.
ഇതോടെയാണ് മുംബൈ പോലീസ് ഡോഗ് സ്ക്വാഡിന്റെ സഹായം തേടിയത്. കുട്ടി ഇട്ടിരുന്ന ഷർട്ടിന്റെ സഹായത്തോടെ പോലീസിന്റെ സ്നിഫർ ഡോഗായ ലിയോ അന്വേഷണത്തിൽ പങ്കാളിയാകുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് അശോക് ടവർ പ്രദേശത്തെ അംബേദ്ക്കർ നഗർ ഭാഗത്ത് നിന്നും ലയോ കുഞ്ഞിനെ കണ്ടെത്തിയത്.
Discussion about this post