പെരുമ്പാവൂർ: അന്യസംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ഡീസൽ വാങ്ങി ഫിഷിംഗ് ബോട്ടുകൾക്കും ബസിനും ലോറിക്കും മറിച്ചുവിറ്റ് പമ്പുടമകൾ നടത്തിയത് 500 കോടി രൂപയുടെ നികുതി വെട്ടിപ്പ്. സംസ്ഥാന ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം പെരുമ്പാവൂർ യൂണിറ്റാണ് ഈ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. അധിക സെസ് ഉൾപ്പെടെ ചുമത്തി ഡീസൽ, പെട്രോൾ വില ഉയർത്തിയതാണ് ഇത്തരം കരിഞ്ചന്ത വ്യാപാരത്തിന് കളമൊരുക്കുന്നതെന്ന് വിപണി വിദഗ്ധർ പറയുന്നു.
സംസ്ഥാനത്തെ വിവിധ കൺസ്യുമർ പമ്പുകൾ കേന്ദ്രീകരിച്ചാണ് ഈ വൻ നികുതി വെട്ടിപ്പ് നടന്നത്.
സ്വന്തം ആവശ്യത്തിന് എന്ന വ്യാജേനയാണ് കൺസ്യുമർ പമ്പ് ഉടമകൾ മറ്റ് സംസ്ഥാനങ്ങളിലെ ഡീസൽ കമ്പനികളിൽ നിന്നും ഡീസൽ വാങ്ങി സംസ്ഥാനത്തേക്ക് എത്തിക്കുന്നത്. അത് ഫിഷിംഗ് ബോട്ടുകൾ, ബസ്, ലോറി എന്നിവയ്ക്ക് മറിച്ച് വിറ്റ് ലിറ്ററിന് 10 മുതൽ 17 രൂപ വരെ ലാഭം ഉണ്ടാക്കുന്നതായാണ് കണ്ടെത്തിയത്.
വിൽപ്പനയ്ക്ക് കേരള പൊതു വില്പന നികുതി നിയമം അനുശാസിക്കുന്ന നികുതി അടയ്ക്കാതെയാണ് വ്യാപാരം. ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ 2019-20 മുതൽ മേഖലയിലെ 77 ഡീലർമാർ ഏകദേശം 500 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയത്. ഇവർക്കെതിരെ കേരള പൊതു വില്പന നികുതി നിയമപ്രകാരമുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്ന് ജിഎസ്ടി ഇന്റലിജൻസ് വിഭാഗം വ്യക്തമാക്കി.












