എറണാകുളം : ആലുവയിൽ വെച്ച് കാറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ വാഹനം തടഞ്ഞുനിർത്തി ആക്രമിച്ച് മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. കൊടികുത്തിമല സ്വദേശി ഷഫീഖ് ആണ് പിടിയിലായത്. നടു റോഡിൽ വച്ച് ദമ്പതികളെ കാറിൽ നിന്നും വലിച്ചു പുറത്തിറക്കിയ ശേഷം അവരെ ഇടിവള ഉപയോഗിച്ച് ആക്രമിച്ചാണ് ഇയാൾ പണവും വാഹനവും അടക്കം മോഷണം നടത്തിയത്.
കാറിൽ സഞ്ചരിക്കുകയായിരുന്നു ദമ്പതികളെ ബൈക്കിൽ വന്ന പ്രതി ഷഫീഖ് വാഹനം കുറുകെയിട്ട ശേഷം പണം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഈ ആവശ്യം ദമ്പതികൾ നിരസിച്ചതോടെയാണ് ഇയാൾ ഇവരെ കാറിനുള്ളിൽ നിന്നും വലിച്ചു പുറത്തിറക്കി റോഡിൽ വച്ച് മർദ്ദിച്ചത്. നാട്ടുകാർ ഓടിക്കൂടി അതോടെ ഇയാൾ ദമ്പതികളെ നിലത്തേക്ക് തള്ളിയിട്ട ശേഷം കാറും പണവും മൊബൈൽഫോണും തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു.
ആലുവ റൂറല്‍ എസ് ഓഫീസിന് സമീപത്തുവെച്ചാണ് സംഭവം ഉണ്ടായത്. പുത്തനങ്ങാടി സ്വദേശി ജോക്കിയെയും ഭാര്യ ഷിനിയെയും ആണ് ഷഫീഖ് ആക്രമിച്ചത്. കളമശ്ശേരിയിലെ രഹസ്യ സങ്കേതത്തില്‍ വെച്ചാണ് ഷഫീഖ് പിടിയിലായത്. കഞ്ചാവ് വില്പന അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷഫീഖ് എന്ന് പോലീസ് അറിയിച്ചു.








