റായ്പൂർ: ഏകദിന ലോകകപ്പ് നേടിയതിന്റെ ആവേശത്തിൽ ട്വന്റി 20 പരമ്പരയ്ക്കിറങ്ങിയ ഓസീസിനെ തരിപ്പണമാക്കി പരമ്പര സ്വന്തമാക്കി ഇന്ത്യ. റായ്പൂരിൽ നടന്ന നാലാം മത്സരവും വിജയിച്ചതോടെ, 3-1നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. 20 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത സന്ദർശകർക്കെതിരെ ഇന്ത്യ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് നേടി. 29 പന്തിൽ 46 റൺസെടുത്ത റിങ്കു സിംഗ് ആണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഓപ്പണർമാരായ യശസ്വി ജയ്സ്വാൾ 37 റൺസും ഋതുരാജ് ഗെയ്ക്വാദ് 32 റൺസും നേടി. 19 പന്തിൽ 35 റൺസെടുത്ത വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മയുടെ ബാറ്റിംഗും നിർണായകമായി.
ഓസ്ട്രേലിയക്ക് വേണ്ടി ഡ്വാർഷുയിസ് 3 വിക്കറ്റ് വീഴ്ത്തി. സംഘയ്ക്കും ബെറെൻഡോർഫിനും 2 വിക്കറ്റ് വീതം ലഭിച്ചു.
മറുപടി ബാറ്റിംഗിൽ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് എടുക്കാനേ സന്ദർശകർക്ക് സാധിച്ചുള്ളൂ. 36 റൺസെടുത്ത ക്യാപ്ടൻ മാത്യു വെയ്ഡ്, 31 റൺസെടുത്ത ട്രാവിസ് ഹെഡ് എന്നിവരൊഴികെ മറ്റാർക്കും നിലയുറപ്പിക്കാനായില്ല. 4 ഓവറിൽ 16 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ അക്ഷർ പട്ടേൽ ആണ് ഓസീസി ബാറ്റിംഗ് നിരയെ തകർത്തത്. ദീപക് ചഹാറിന് 2 വിക്കറ്റ് ലഭിച്ചു.
അടുത്ത വർഷം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് മുൻനിർത്തി യുവനിരയെ അണിനിരത്തിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുന്നത്. വരാനിരിക്കുന്ന പരമ്പരകളിലും പരീക്ഷണങ്ങൾ ആവർത്തിക്കാൻ ഈ വിജയം ഇന്ത്യക്ക് കരുത്ത് പകരും.
Discussion about this post