ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സെൽഫിയെടുത്ത് ഇറ്റാലിയൻ പ്രധാനമന്ത്രി ജിയോർജിയ മെലോനി. ദുബായിൽ COP28 ഉച്ചകോടിക്കിടെ കണ്ടുമുട്ടിയപ്പോഴായിരുന്നു ഇരുവരും സൗഹൃദം പങ്കിട്ടത്.
സമൃദ്ധവും സുസ്ഥിരവുമായ ഒരു ഭാവിക്ക് വേണ്ടി ഇന്ത്യയും ഇറ്റലിയും ഒരുമിച്ച് മുന്നേറുമെന്ന് ജിയോർജിയ എക്സിൽ കുറിച്ചു. നല്ല ചങ്ങാതിമാർ എന്ന തലക്കെട്ടോടെ, മോദിക്കൊപ്പമെടുത്ത സെൽഫി മെലോനി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ‘Melodi’ എന്ന ഹാഷ് ടാഗോടെയാണ് മെലോനി ചിത്രം പങ്കുവെച്ചിരിക്കുന്നത്. Meloni+ Modi= Melodi എന്ന തലക്കെട്ടോടെ സാമൂഹിക മാദ്ധ്യമങ്ങളിൽ ചിത്രത്തിന് വലിയ പ്രചാരം നൽകുകയാണ് ഇരു നേതാക്കളുടെയും അനുയായികൾ.
ജി20 ഉച്ചകോടിയുടെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറിൽ മെലോനി ഇന്ത്യ സന്ദർശിച്ചിരുന്നു. വ്യാപാരം, വാണിജ്യം, പ്രതിരോധം, വിവര സാങ്കേതിക വിദ്യ എന്നീ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ഇരു നേതാക്കളും തമ്മിൽ ധാരണയായിരുന്നു.
ലോകത്ത് ഏറ്റവുമധികം സ്നേഹിക്കപ്പെടുന്ന രാഷ്ട്രീയ നേതാവാണ് നരേന്ദ്ര മോദി എന്ന് മെലോനി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ താൻ മോദിയെ അഭിനന്ദിക്കുകയാണെന്നും അവർ പറഞ്ഞിരുന്നു. ഭീകരവാദം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സമാന നിലപാടുള്ള നേതാക്കളാണ് മെലോനിയും മോദിയും.








