ലഖ്നൗ: പതിനൊന്ന് വയസ്സുകാരിയെ പള്ളിക്കുള്ളിൽ വെച്ച് ലൈംഗീകമായി പീഡിപ്പിച്ചതിന് മൗലവി അറസ്റ്റിൽ. ഉത്തർ പ്രദേശിലെ ഹാമിർപൂർ സ്വദേശി മുന്താസിർ ആലമാണ് അറസ്റ്റിലായത്. 30 വയസ്സുകാരനാണ് ഇയാൾ.
പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഉത്തർ പ്രദേശ് പോലീസ് മൗലവിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. കുട്ടിയുടെ അമ്മാവന്റെ പരാതിയിലാണ് നടപടി.
തന്റെ ഇളയ സഹോദരനൊപ്പമാണ് പെൺകുട്ടി പള്ളിയിൽ ഉർദു പഠിക്കാൻ പോയത്. ആൺകുട്ടിക്ക് കഴിക്കാൻ മിഠായി നൽകിയ ശേഷം മൗലവി പെൺകുട്ടിയുമായി പള്ളിക്കകത്തേക്ക് പോയി. തുടർന്ന് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടിയുടെ നിലവിളി കേട്ട് മറ്റ് വിദ്യാർത്ഥികൾ ഓടിക്കൂടിയതോടെ പ്രതി പെൺകുട്ടിയെ വിട്ടു. രക്തത്തിൽ മുങ്ങിക്കുളിച്ച് വല്ല വിധേനെയും വീട്ടിലെത്തിയ പെൺകുട്ടി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു.
ബിഹാറിലെ പൂർണിയ സ്വദേശിയാണ് പിടിയിലായ മുന്താസിർ ആലം മൗലവി. അഞ്ച് വർഷങ്ങൾക്ക് മുൻപ് ഹാമിർപൂരിലെത്തിയ ഇയാൾ, ചില സമുദായ പ്രമാണിമാരുടെ പിന്തുണയോടെയാണ് പള്ളിയിലെ ഉർദു അദ്ധ്യാപകനായി നിയമിതനായത്.











