എറണാകുളം : ആലുവയിൽ നവ കേരള സദസ്സ് നടക്കുമ്പോൾ സമീപത്തുള്ള സ്ഥാപനങ്ങളിൽ ഗ്യാസ് കത്തിച്ച് പാചകം നടത്തരുതെന്ന ഉത്തരവ് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇപ്പോൾ ഈ ഉത്തരവിൽ ചെറിയൊരു തിരുത്തുമായി എത്തിയിരിക്കുകയാണ് പോലീസ്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി നടക്കുന്ന രണ്ട് മണിക്കൂർ സമയം മാത്രം ഗ്യാസ് കത്തിക്കുന്നത് ഒഴിവാക്കിയാൽ മതി എന്നാണ് പോലീസ് പുതുതായി പുറത്തിറക്കിയിരിക്കുന്ന നിർദ്ദേശത്തിൽ പറയുന്നത്.
ആലുവ ബസ് സ്റ്റാൻഡിന് സമീപത്തായി പ്രവർത്തിക്കുന്ന കടകൾക്കാണ് ഗ്യാസ് കത്തിക്കരുതെന്ന് നിർദ്ദേശം ഉള്ളത്. ആലുവ ഈസ്റ്റ് പോലീസ് ആണ് ഇത്തരത്തിൽ വിചിത്രമായ ഒരു സർക്കുലർ പുറത്തിറക്കിയത്. ഈ സർക്കുലർ പുറത്തിറങ്ങിയപ്പോൾ തന്നെ വലിയ രീതിയിൽ വാർത്തയാവുകയും നിരവധി വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു.
ആദ്യം പുറത്തിറക്കിയ സർക്കുലറിൽ നവകേരള സദസ്സ് നടക്കുന്ന ദിവസം ഗ്യാസ് കത്തിച്ചു പാചകം നടത്തരുത് എന്നായിരുന്നു കൊടുത്തിരുന്നത്. വിവാദമായതോടെ ഈ സർക്കുലർ തിരുത്തി പരിപാടി നടക്കുന്ന രണ്ടു മണിക്കൂർ സമയം മാത്രം ഗ്യാസ് കത്തിക്കരുത് എന്നാക്കി മാറ്റിയിട്ടുണ്ട്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ പൂർണ്ണമായ വിശദാംശങ്ങൾ പോലീസിന് കൈമാറണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
Discussion about this post