ന്യൂഡൽഹി: മധ്യപ്രദേശ്, ഛത്തിസ്‌ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തിൽ, കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് തൃണമൂൽ കോൺഗ്രസ്. മൂന് സംസ്ഥാനങ്ങളിലെ ഫലം ബി ജെ പി യുടെ വിജയമായി കാണാനാകില്ലെന്നും മറിച്ച് കോൺഗ്രസിന്റെ നേതൃത്വമില്ലായ്മയാണെന്നും വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ടി എം സി വക്താവ് കുനാൽ ഘോഷ്.
തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് കോൺഗ്രസ് പാർട്ടിയെ കുറ്റപ്പെടുത്തേണ്ടതുണ്ടെന്ന് ടിഎംസി വക്താവ് കുനാൽ ഘോഷ് സമൂഹമാധ്യമമായ എക്‌സിൽ പോസ്റ്റ് ചെയ്തു . ബിജെപിയുടെ വിജയമല്ല മറിച്ച് കോൺഗ്രസിന്റെ തോൽവിയാണെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങളെ അദ്ദേഹം വിശേഷിപ്പിച്ചത്.
രാജ്യത്ത് ബിജെപിയെ പരാജയപ്പെടുത്താനുള്ള പോരാട്ടത്തിൽ നേതൃത്വം നൽകാൻ കഴിയുന്ന പാർട്ടി ടിഎംസി യാണ് അദ്ദേഹം തന്റെ എക്സ് ഹാൻഡിൽ സന്ദേശത്തിൽ പറഞ്ഞു.തിരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ പാർട്ടികൾ മമതാ ബാനർജിയുടെ ക്ഷേമവാദം ഉൾക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഖ്യത്തിലെ നേതൃസ്ഥാനത്തിനു വേണ്ടി അവകാശവാദം ഉന്നയിക്കാൻ നിരവധി പ്രാദേശിക ഘടക കക്ഷികൾ ലക്ഷ്യമിടുന്ന സാഹചര്യത്തിൽ ഹിന്ദി ഹൃദയഭൂമിയിൽ വിജയം ലഭിക്കുകയാണെങ്കിൽ ഐ എൻ ഡി ഐ എ സഖ്യത്തിൽ തങ്ങളുടെ സ്ഥാനം വർദ്ധിപ്പിക്കാം എന്ന പ്രതീക്ഷയിലായിരുന്നു കോൺഗ്രസ്. എന്നാൽ ഇന്ന് മൂന്ന് പ്രധാന സംസ്ഥാനങ്ങളിലും ബിജെപിയുടെ വൻ വിജയത്തിന് ശേഷം, പ്രാദേശിക സഖ്യകക്ഷികളിൽ നിന്ന് കോൺഗ്രസിന് കടുത്ത സമ്മർദ്ദം നേരിടേണ്ടിവരുമെന്ന് തീർച്ചയാണ്. കോൺഗ്രസിന്റെ നേതൃസ്ഥാനം തന്നെ ഇതോടു കൂടെ തുലാസ്സിലായിരിക്കുകയാണ്.
Discussion about this post