ന്യൂഡൽഹി : ഒരു വർഷത്തിനിടയിൽ ഒരിക്കൽപോലും ഉപയോഗിച്ചിട്ടില്ലാത്ത യുപിഐ ഐഡികൾ ഇനി പ്രവർത്തനരഹിതമാകും. കേന്ദ്രസർക്കാരിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഈ നടപടി. യുപിഐ പേയ്മെന്റുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നിർദ്ദേശം സർക്കാർ നൽകിയിട്ടുള്ളത്.
നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ കഴിഞ്ഞ മാസം രാജ്യത്തെ പേയ്മെന്റ് ആപ്ലിക്കേഷന്‍ കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും അയച്ച സര്‍ക്കുലറില്‍ ആണ് സുരക്ഷാ നടപടികൾ കൂടുതൽ ശക്തമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത്. ഈ മാസം 31 മുതൽ ഈ നടപടി പ്രാബല്യത്തിൽ വരും. പല ഉപഭോക്താക്കളും മൊബൈൽ നമ്പർ മാറ്റുകയും അതേ നമ്പറിലെ യുപിഐ ഐഡി റദ്ദാക്കാതെ ഇരിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാൽ ആണ് ദുരുപയോഗം തടയുന്നതിനായി ഇത്തരം ഒരു നടപടി കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുള്ളത്.
ഉപഭോക്താക്കൾ അറിയാതെ ഉപയോഗത്തിൽ ഇല്ലാത്ത മൊബൈൽ നമ്പറുകൾ വഴി യുപിഐ ഇടപാടുകൾ ചെയ്യുന്ന തട്ടിപ്പുകൾ അവസാനിപ്പിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് മൂന്നുമാസം വരെ പ്രവർത്തിക്കാതെ ഇരിക്കുന്ന മൊബൈൽ നമ്പറുകൾ ടെലികോം കമ്പനികള്‍ക്ക് മറ്റൊരു ഉപഭോക്താവിന് നല്‍കാന്‍ സാധിക്കുന്നതാണ്. എന്നാൽ ഇത്തരം മൊബൈൽ നമ്പറുകൾ ഉപയോഗിക്കാതെ ഇരിക്കുന്ന ഉപഭോക്താക്കൾ അതേ നമ്പറിലുള്ള യുപിഐ ഐഡി റദ്ദാക്കാതെ ഇരിക്കുന്നതുമൂലം പുതുതായി ഈ നമ്പർ ലഭിക്കുന്ന വ്യക്തിക്ക് യുപിഐ ഐഡി ആരംഭിക്കാൻ സാധിക്കുകയില്ല. ഇക്കാര്യവും കേന്ദ്രസർക്കാർ നടപടിക്ക് കാരണമായിട്ടുണ്ട്.
Discussion about this post