ന്യൂഡൽഹി : രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത ആം ആദ്മി പാർട്ടി എംപി രാഘവ് ഛദ്ദയുടെ സസ്പെൻഷൻ തിങ്കളാഴ്ച രാജ്യസഭ പിൻവലിച്ചു.
ഡൽഹിയിലെ എഎപി സർക്കാരിന്റെ അധികാരം കുറയ്ക്കാൻ ശ്രമിക്കുന്ന ഡൽഹി ഗവൺമെന്റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി (ഭേദഗതി) ബിൽ 2023 പരിഗണിക്കുന്നതിനുള്ള ഒരു സെലക്ട് കമ്മിറ്റിയിൽ അഞ്ച് രാജ്യസഭാ എംപിമാരുടെ സമ്മതം വാങ്ങാതെ പേര് ഉൾപ്പെടുത്തി എന്നതായിരുന്നു രാഘവ് ഛദ്ദയ്ക്ക് എതിരായി ഉണ്ടായിരുന്ന ആരോപണം.
പഞ്ചാബിൽ നിന്നുള്ള രാജ്യസഭാ എംപിയായ രാഘവ് ഛദ്ദയെ ആഗസ്റ്റ് 11ന് പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനിടെ പ്രത്യേകാവകാശ ലംഘനത്തിന്റെ പേരിലാണ് സസ്പെൻഡ് ചെയ്തിരുന്നത്. അഞ്ച് എംപിമാർ തങ്ങളുടെ സമ്മതം വാങ്ങാതെ പേര് ഉൾപ്പെടുത്തിയെന്ന് കാണിച്ച് ഛദ്ദയ്ക്കെതിരെ പരാതി നൽകിയിരുന്നു.
രാജ്യസഭയിൽ ലഭിച്ച പരാതിയെ തുടർന്ന് അത് പ്രിവിലേജസ് കമ്മിറ്റിക്ക് റഫർ ചെയ്യുകയും കമ്മിറ്റി അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ ഛദ്ദയെ സസ്പെൻഡ് ചെയ്യുകയും ആയിരുന്നു. ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസം സഭ സമ്മേളിച്ച ഉടൻ ബിജെപി എംപി ജിവിഎൽ നരസിംഹ റാവു അവതരിപ്പിച്ച പ്രമേയത്തെത്തുടർന്ന് ആണ് ഛദ്ദയുടെ സസ്പെൻഷൻ പിൻവലിച്ചത്. സസ്‌പെൻഷൻ പിൻവലിച്ചതിന് പിന്നാലെ വീഡിയോ സന്ദേശത്തിലൂടെ ഛദ്ദ സുപ്രീം കോടതിക്കും രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻഖറിനും നന്ദി അറിയിച്ചു.
Discussion about this post