എറണാകുളം: എളമക്കരയിലെ ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ പ്രതി ഷാനിഫ് കുറ്റം സമ്മതിച്ചിട്ടുണ്ട്. കുഞ്ഞിനെ കൊലപ്പെടുത്താൻ കുഞ്ഞിന്റെ അമ്മയായ അശ്വതിയും കൂട്ടുനിന്നതായാണ് പ്രതി ഷാനിഫ് മൊഴി നൽകിയിരിക്കുന്നത്. തല കാൽമുട്ടിലിടിച്ചാണ് ഇയാൾ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിൽ മൊഴി നൽകിയിരിക്കുന്നത്. അതേസമയം, കൊലപാതകം നടക്കുമ്പോൾ താൻ ഉറങ്ങുകയായിരുന്നു എന്നാണ് അശ്വതി പറയുന്നത്.
ജനിച്ച അന്ന് തന്നെ കുഞ്ഞിനെ കൊല്ലാന്‍ തീരുമാനിച്ചിരുന്നു. ഒരു മാസമായി ഇതിനായുള്ള അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. ലോഡ്ജിൽ മുറിയെടുത്തത് കുഞ്ഞിനെ കൊല്ലൻ ആസൂത്രണം ചെയ്ത ശേഷമാണെന്നും ഷാനിഫ് പറയുന്നു.
മാസങ്ങളുടെ പരിചയം മാത്രമേ പ്രതിയും കുഞ്ഞിന്റെ അമ്മയായ അശ്വതിയും തമ്മിലുള്ളു. ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയത്തിലാകുന്നത്. നേരത്തെ മറ്റൊരാളുമായി അടുപ്പത്തിലായിരുന്ന അശ്വതി 4 മാസം ഗർഭിണി ആയിരുന്നുവെന്ന് പോലീസ് പറയുന്നു. കുഞ്ഞിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. ഇതേതുടർന്നാണ് കൊലപാതകം നടത്താൻ തീരുമാനിച്ചതെന്നും പോലീസ് പറയുന്നു.
കഴിഞ്ഞ ദിവസമാണ് എളമക്കരയിലുള്ള ലോഡ്ജിൽ ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ചത്. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞാണ് കുഞ്ഞിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. കുഞ്ഞിന്റെ ശരീരത്തിലെ പരിക്കുകൾ കണ്ട ഡോക്ടര്‍ സംശയത്തെ തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാകുന്നത്.
Discussion about this post