ന്യൂഡൽഹി : ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിയുടെ സമ്പത്തിൽ കഴിഞ്ഞ ഏഴു ദിവസങ്ങൾ കൊണ്ട് 10 ബില്യൺ ഡോളറിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിൽ നാല് സ്ഥാനങ്ങൾ മുന്നോട്ടു കടന്ന് പതിനാറാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് അദാനി. ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് പ്രകാരം അദാനി ഗ്രൂപ്പ് ചെയർമാന്റെ നിലവിലെ സമ്പത്ത് 70.3 ബില്യൺ ഡോളറാണ്.
നേരത്തെ അദാനി ഓഹരിവിലകളിൽ കൃത്രിമം കാണിച്ചെന്ന യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യങ്ങളിൽ വലിയ ഇടിവ് നേരിട്ടിരുന്നു. എന്നാൽ
ഹിൻഡൻബർഗ് റിസർച്ചിന്റെ ആരോപണങ്ങൾക്ക് പ്രസക്തിയില്ലെന്ന് യുഎസ് ഇന്റർനാഷണൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ (ഡിഎഫ്‌സി) റിപ്പോർട്ട് പ്രകാരം ചൊവ്വാഴ്ച അദാനി ഗ്രൂപ്പിന്റെ ഓഹരികൾ 20 ശതമാനമായി ഉയർന്നു.
ശ്രീലങ്കയിലെ തുറമുഖ പദ്ധതിക്കായി അദാനിയ്ക്കൊപ്പം പ്രവർത്തിക്കുന്നതിന് മുമ്പായി അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങൾ ഡിഎഫ്‌സി പരിശോധിച്ചിരുന്നുവെന്ന് യുഎസ് സർക്കാർ അറിയിച്ചു. ഇതോടെ അദാനി ഗ്രൂപ്പിന്റെ 10 സ്ഥാപനങ്ങളും ഈ ആഴ്‌ച തുടർച്ചയായ രണ്ടാം സെഷനിലും നേട്ടം കൈവരിക്കുകയും മൊത്തം വിപണി മൂലധനമായ 13 ലക്ഷം കോടി രൂപ മറികടക്കുകയും ചെയ്തു. നിലവിലെ ലോകത്തെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിൽ പതിനാറാം സ്ഥാനത്ത് ഗൗതം അദാനിയും പതിമൂന്നാം സ്ഥാനത്ത് മുകേഷ് അംബാനിയും ആണ് ഉള്ളത്.
Discussion about this post