തൃശ്ശൂർ: പഠനത്തിനായി വിദ്യാർത്ഥികൾ കേരളം വിടുന്നതിൽ ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകം അവരുടെ കൈക്കുമ്പിളിലാണ്. വിദേശവിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാനായി വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാം വളർന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. അതുകൊണ്ടുതന്നെ വിദേശത്ത് പോയി പഠിക്കാൻ അവർക്ക് താത്പര്യംകാണും. ഇതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. നമ്മുടെ ഉന്നത വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താനാണ് നാം ശ്രമിക്കേണ്ടത് എന്നും പിണറായി വിജയൻ വ്യക്തമാക്കി.
നമ്മുടെ ഉന്നതവിദ്യാഭ്യാസത്തിന്റെ മേന്മ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ആദ്യം വിദ്യാർത്ഥികൾ തന്നെയാണ് രംഗത്ത് എത്തേണ്ടത്. കോളേജുകളിലും സർവ്വകലാശാലകളിലും മികച്ച സൗകര്യം ഏർപ്പെടുത്തണം. ക്യാംപസ് എല്ലാ സമയത്തും വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാൻ കഴിയണം. സൗകര്യം മികച്ചതായാൽ അതിന്റെ ഫലം ഉണ്ടാകുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാനായി രാജ്യാന്തര ഹോസ്റ്റൽ സമുച്ചയം നിർമ്മിക്കുകയാണ്. മറ്റ് പരിഷ്‌കരണങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post