ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ ഇൻഡി സഖ്യത്തില് നേതൃസ്ഥാനത്തേക്ക് ആരെന്ന തർക്കം ഉച്ചസ്ഥായിൽ.നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആക്കണമെന്ന് ആവശ്യപ്പെട്ട് ജെഡിയു രംഗത്തെത്തി. മമത ബാനർജിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന തൃണമൂൽ കോൺഗ്രസിന്റെ പരോക്ഷ അഭിപ്രായ പ്രകടനത്തിന് പിന്നാലെയാണ് ജെഡിയു പരസ്യമായി നിലപാട് വ്യക്തമാക്കിയത്.
അതിനിടെ ഇന്ത്യ സഖ്യത്തിൻറെ കോ ഓർഡിനേഷൻ കമ്മിറ്റി യോഗം ഇന്ന് വൈകീട്ട് ചേരുമെന്നാണ് വിവരം. 12 പാർട്ടികൾ മുൻ യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇന്നത്തെ യോഗത്തിൽ ആരൊക്കെ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. പ്രധാന നേതാക്കൾ പങ്കെടുക്കില്ലെന്നറിയിച്ചതോടെ ഇന്ന് കോൺഗ്രസ് വിളിച്ച വിശാല യോഗം മാറ്റി വെച്ചിരുന്നു. ഡിസംബർ മൂന്നാം വാരം യോഗം നടക്കാനാകും സാധ്യത
2024 ലെ പൊതു തിരഞ്ഞെടുപ്പിൻറെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട 5 സംസ്ഥാനങ്ങളിലെയും നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ഇൻഡി സഖ്യത്തിൽ ഭിന്നത രൂക്ഷമായത്. തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനേറ്റ തിരിച്ചടി ഇൻഡി ബ്ലോക്കിലെ കോൺഗ്രസിന്റെ നേതൃസ്ഥാനത്തിനും മങ്ങലേൽപ്പിക്കുന്നു. രണ്ട് സംസ്ഥാനങ്ങളിൽ അധികാരം നഷ്ടപ്പെട്ട കോൺഗ്രസ് സഖ്യത്തിന്റെ നേതൃസ്ഥാനം കൈയ്യാളുന്നതിലാണ് സഖ്യകക്ഷികൾക്ക് എതിർപ്പുള്ളത്.
Discussion about this post