ന്യൂഡൽഹി: കെനിയൻ പ്രസിഡന്റ് വില്യം സമോയി റൂട്ടോയുമായി കൂടിക്കാഴ്ച്ച നടത്തി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. ഡൽഹിയിൽ വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച്ച. രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ക്ഷണം സ്വീകരിച്ച് ഇന്ത്യ സന്ദർശിക്കാനെത്തിയതാണ് കെനിയൻ പ്രസിഡന്റ്. ഉന്നതതല ഉദ്യോഗസ്ഥ സംഘവും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. റുട്ടോയുടെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. ഇന്നലെ അദ്ദേഹത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു രാഷ്ട്രപതി ഭവനിൽ വിരുന്നൊരുക്കിയിരുന്നു.
ഇന്ത്യൻ മഹാസമുദ്രത്തിലെ ജലം ഇന്ത്യയിലെയും കെനിയയിലെയും ജനങ്ങളെ നൂറ്റാണ്ടുകളായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തെ രാഷ്ട്രപതിഭവനിലേക്ക് സ്വാഗതം ചെയ്യവെ ദ്രൗപതി മുർമു വ്യക്തമാക്കി.
‘വ്യാപാരം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ സഹകരണത്തിന് അടിത്തറയാകുന്ന ഉഭയകക്ഷി ബന്ധത്തിലേക്ക് ഞങ്ങളുടെ ഇന്ത്യ-കെനിയ സൗഹൃദം വളർന്നു കഴിഞ്ഞു. 80,000-ത്തോളം വരുന്ന ഇന്ത്യൻ വംശജരായ കെനിയൻ സമൂഹം അവിടെ സാമൂഹികമായും സാമ്പത്തികമായും ഒരുമിച്ച് ചേർന്നു. ഇന്ത്യൻ സംസ്കാരവും മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നുണ്ടെങ്കിലും അവർ കെനിയക്കാരെന്ന് അഭിമാനിക്കുന്ന ജനതയാണ്.കെനിയയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒന്നും ഏറ്റവും വലിയ നിക്ഷേപ സ്രോതസ്സുകളിൽ ഒന്നുമാണ് ഇന്ത്യ’- ദ്രൗപതി മുർമു പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഹൈദരാബാദ് ഹൗസിൽ വച്ച് പ്രസിഡന്റ് വില്യം റൂട്ടോയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയും കെനിയയും തമ്മിലുള്ള പങ്കാളിത്തം ശക്തമാക്കുന്നത് സംബന്ധിച്ച് ഇരുവരും ചർച്ച നടത്തി. ഇന്ത്യയും കെനിയയും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിന്റെ മുഴുവൻ സാധ്യതകളും സാക്ഷാത്കരിക്കുന്നതിനായി പുതിയ അവസരങ്ങൾ തേടിക്കൊണ്ടിരിക്കുമെന്ന് കൂടിക്കാഴ്ച്ചക്ക് ശേഷം പ്രധാനമന്ത്രി പറഞ്ഞു. കാർഷിക മേഖലയുടെ നവീകരണത്തിനായി കെനിയയ്ക്ക് 250 ദശലക്ഷം യുഎസ് ഡോളർ വായ്പ നൽകാൻ ഇന്ത്യ തീരുമാനിച്ചതായി വില്യം റൂട്ടോയുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി അറിയിച്ചു.
Discussion about this post