ജയ്പൂർ: രാഷ്ട്രീയ രജ്പുത് കർണി സേനയുടെ ദേശീയ അധ്യക്ഷൻ സുഖ്‌ദേവ് സിംഗ് ഗോഗമേദി കൊലക്കേസിലെ പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സിപി ജോഷി.
‘സംഭവശേഷം ഗവർണർ, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായി സംസാരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് നിരന്തരം അന്വേഷിക്കുന്നുണ്ട്. ആഭ്യന്തര മന്ത്രിയും വിഷയത്തിൽ എപ്പോഴും ഇടപെടൽ നടത്തുന്നുണ്ട്. ഭരണകൂടം എല്ലായ്പ്പോഴും, സംസ്ഥാനത്ത് ഇത്തരം അക്രമസംഭവങ്ങൾ അഴിച്ച് വിടുന്ന ആളുകൾക്കെതിരെയുള്ള പ്രവർത്തനങ്ങളിലാണ്’- സിപി ജോഷി പറഞ്ഞു.
അതേസമയം, കൊല്ലപ്പെട്ട സുഖ്‌ദേവ് സിംഗിന്റെ അന്ത്യകർമങ്ങൾ അദ്ദേഹത്തിന്റെ ജന്മദേശമായ ഗോഗമേദിയിൽ നടക്കും. ചൊവ്വാഴ്ച്ചയാണ് ജയ്പൂരിൽ വച്ച് ഗോഗമേദി വെടിയേറ്റ് മരിച്ചത്. സുഖ്‌ദേവ് സിംഗിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച്ച സംസ്ഥാന വ്യാപകമായി ബന്ദ് പ്രഖ്യാപിച്ചിരുന്നു.
കൊലപാതകത്തിൽ പങ്കുള്ള രോഹിത് റാത്തോഡ് മക്രാന, നിതിൻ ഫൗജി എന്നിവരെ പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ, മറ്റൊരു അക്രമി പോലീസുമായുള്ള വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. വെടിവയ്പ്പിൽ സുഖ്‌ദേവ് സിംഗിന്റെ സുരക്ഷാ ജീവനക്കാരിൽ ഒരാൾക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു.
Discussion about this post