കണ്ണന് വഴിപാടായി ടി.വി.എസ് മോട്ടോർ കമ്പനിയുടെ പുത്തൻ അഡ്വഞ്ചർ ബൈക്ക്. കമ്പനിയുടെ ഏറ്റവും പുതിയ മോഡലായ ടി.വി.എസ് അപ്പാച്ചെ ആർ.ടി.എക്സ് 300 (TVS Apache RTX 300) ആണ് ക്ഷേത്രത്തിൽ സമർപ്പിച്ചത്. കിഴക്കേ ഗോപുര കവാടത്തിലെ ദീപസ്തംഭത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ടി.വി.എസ് മോട്ടോർ കമ്പനി സി.ഇ.ഒ കെ.എൻ രാധാകൃഷ്ണനിൽ നിന്ന് ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ വാഹനത്തിന്റെ താക്കോലും രേഖകളും ഏറ്റുവാങ്ങി.
ക്ഷേത്രത്തിൽ നടന്ന വാഹനപൂജയ്ക്ക് ശേഷമായിരുന്നു ഔദ്യോഗികമായ കൈമാറ്റ ചടങ്ങ്. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, കെ.പി വിശ്വനാഥൻ, മനോജ് ബി. നായർ, കെ.എസ് ബാലഗോപാൽ, അഡ്മിനിസ്ട്രേറ്റർ കെ.ബി അരുൺകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ടി.വി.എസ് ഏരിയ മാനേജർ പ്രസാദ് കൃഷ്ണ, ഡീലർമാരായ ഫെബി എ. ജോൺ, ചാക്കോ എ. ജോൺ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
2025 ഒക്ടോബറിലാണ് ടി.വി.എസ് തങ്ങളുടെ കരുത്തുറ്റ അഡ്വഞ്ചർ മോട്ടോർസൈക്കിളായ അപ്പാച്ചെ ആർ.ടി.എക്സ് 300 വിപണിയിൽ എത്തിച്ചത്. 1.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്സ്-ഷോറൂം വില. നവംബർ അവസാനത്തോടെ രാജ്യവ്യാപകമായി വിതരണം ആരംഭിച്ച ഈ മോഡലിന്റെ ആദ്യകാല യൂണിറ്റുകളിലൊന്നാണ് ഗുരുവായൂരപ്പന് സമർപ്പിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
നേരത്തെയും പ്രമുഖ വാഹന നിർമ്മാതാക്കൾ തങ്ങളുടെ പുതിയ മോഡലുകൾ ഗുരുവായൂർ ക്ഷേത്രത്തിൽ സമർപ്പിച്ചിട്ടുണ്ട്. മഹീന്ദ്രയുടെ എക്സ്.യു.വി 700, ഥാർ തുടങ്ങിയ വാഹനങ്ങൾ ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ചത് വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇരുചക്ര വാഹന വിപണിയിലെ കരുത്തനായ അപ്പാച്ചെ ആർ.ടി.എക്സും ക്ഷേത്രത്തിലെത്തിയിരിക്കുന്നത്.











Discussion about this post