1986-ൽ പുറത്തിറങ്ങിയ ‘നിന്നിഷ്ടം എന്നിഷ്ടം’ എന്ന ചിത്രം കാണാത്ത മലയാളികൾ ഉണ്ടാകില്ല. പ്രിയദർശന്റെ കഥയ്ക്ക് ആലപ്പി അഷറഫ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ ചിത്രം ഒരു ‘മ്യൂസിക്കൽ ഹിറ്റ്’ കൂടിയായിരുന്നു. മോഹൻലാൽ അവതരിപ്പിച്ച ശ്രീക്കുട്ടൻ എന്ന കഥാപാത്രം അന്ധയായ ചിക്കുവിനെ സഹായിക്കുന്നു. അവളുടെ കണ്ണ് ഓപ്പറേഷന് വേണ്ട സഹായങ്ങൾ ചെയ്യുന്ന അയാൾ ചെന്നുചാടുന്ന പ്രശ്നങ്ങളുമാണ് സിനിമ ചർച്ച ചെയ്യുന്നത്.
മോഹൻലാൽ ഒരുപക്ഷെ അദ്ദേഹത്തിന്റെ കരിയറിൽ ചെയ്ത ഏറ്റവും നിഷ്കളങ്ക കഥാപാത്രമായിരിക്കും ഇതിലെ ശ്രീ എന്ന് യാതൊരു സംശയവും ഇല്ലാതെ പറയാം. ആര് എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന അത്ര പാവമായ അദ്ദേഹത്തിന്റെ കഥാപാത്രത്തെ പലരും പറ്റിക്കുന്നുണ്ട്. വിശപ്പിന്റെ വിളി എന്താണെന്നും എത്രത്തോളം ഉണ്ടെന്നുമൊക്കെ അയാൾ നമ്മളെ കാണിച്ചു തരുന്നുണ്ട്.
സിനിമയിൽ മോഹൻലാൽ കഥാപാത്രത്തെ ആകെ സഹായിക്കുന്നത് കാക്കാത്തിയമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുകുമാരിയാണ്. സുകുമാരി ചീട്ടെടുപ്പിച്ചിരുന്ന തത്ത പറന്ന് പോയതിന് ശേഷം മോഹൻലാലിൻറെ ശ്രീ അവരോട് സംസാരിക്കുന്ന ഒരു രംഗമുണ്ട്. ആ രംഗത്തിന്റെ ആഴം ഒരുപക്ഷെ വിശപ്പിന്റെ വിളിയൊക്കെ നന്നായി അറിയുന്ന ആളുകൾക്ക് റിലേറ്റ് ചെയ്യാൻ പറ്റും.
“കാക്കാത്തിയമ്മ വിഷമിക്കേണ്ട ചീട്ട് ഞാനെടുത്തോളം. തത്തമ്മ പോയാലും അതിന് തിന്നാൻ എന്തെങ്കിലും കിട്ടും. ഞാൻ കഴിച്ചിട്ട് 2 ദിവസമായി. ഞാൻ ചീട്ടെടുത്തോളം. തത്തമ്മക്ക് ആയാലും എടപ്പള്ളിക്ക് ആയാലും ചിലവിന് കാശ് കൊടുക്കണം. ഇത് വിശന്നിട്ട് അല്ലെ കാകത്തിയമ്മേ”
ശേഷം അയാളോട് അലിവ് തോന്ന്നിയ സുകുമാരി അവതരിപ്പിച്ച കഥാപാത്രം ഭക്ഷണം മേടിച്ചു കൊടുക്കുമ്പോൾ അയാൾ കഴിക്കുന്ന രീതിയിൽ പോലും ആ കഥാപാത്രത്തിന്റെ എല്ലാ നിഷ്കളങ്കതയും കാണാം.













Discussion about this post