ഏരൂർ നെട്ടയത്തെ സ്വകാര്യ ട്യൂഷൻ സെന്ററിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ കൈവിരലുകൾ അദ്ധ്യാപകൻ തല്ലിയൊടിച്ചു. 40-ൽ 38 മാർക്ക് ലഭിച്ച പെൺകുട്ടിക്ക് രണ്ട് മാർക്ക് കുറഞ്ഞതാണ് അദ്ധ്യാപകൻ രാജേഷിനെ പ്രകോപിപ്പിച്ചത്. പരിക്കേറ്റ വിദ്യാർത്ഥിനിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം ഉറപ്പാക്കാൻ കഴിഞ്ഞ നാല് മാസമായി ഇവിടെ നൈറ്റ് ക്ലാസുകൾ നടന്നു വരികയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ കണക്ക് പരീക്ഷയുടെ ഫലം വന്നപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മികച്ച മാർക്ക് വാങ്ങിയിട്ടും രണ്ട് മാർക്ക് കുറഞ്ഞത് ബോധപൂർവമാണെന്ന് ആരോപിച്ചായിരുന്നു മർദനം. രാജേഷ് മറ്റ് കുട്ടികളെയും ക്രൂരമായി മർദിക്കാറുണ്ടെന്ന് പരാതിയുണ്ട്.
താൻ പഠിപ്പിച്ച കണക്ക് കുട്ടി ബോധപൂർവം തെറ്റിച്ചതാണെന്നും അതുകൊണ്ടാണ് മർദിച്ചതെന്നുമുള്ള വിചിത്രമായ ന്യായമാണ് രാജേഷ് രക്ഷിതാക്കളോട് പറഞ്ഞത്. അദ്ധ്യാപകൻ്റെ മറുപടിയിൽ പ്രകോപിതരായ രക്ഷിതാക്കളും നാട്ടുകാരും ട്യൂഷൻ സെന്റർ അടിച്ചുതകർത്തു. കെഎസ്ആർടിസി ജീവനക്കാരനായ രാജേഷ് ചട്ടവിരുദ്ധമായാണ് ട്യൂഷൻ സെന്റർ നടത്തിവന്നിരുന്നതെന്നും ആരോപണമുണ്ട്.
സംഭവമറിഞ്ഞ് വിവിധ വിദ്യാർത്ഥി സംഘടനകൾ ട്യൂഷൻ സെന്ററിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. അധ്യാപകനെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്നും ആവശ്യപ്പെട്ട് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. കുട്ടികളുടെ പഠനസമ്മർദ്ദം കുറയ്ക്കാൻ ശ്രമിക്കേണ്ടവർ തന്നെ അവരെ ശാരീരികമായി ഉപദ്രവിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് നാട്ടുകാർ പറയുന്നു.













Discussion about this post