ഇസ്ലാമാബാദ് : റാവൽപിണ്ടിയിലെ അഡിയാല ജയിലിന് മുൻപിൽ വൻ പ്രതിഷേധം. പാകിസ്താൻ തെഹ്രീക്-ഇ-ഇൻസാഫ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ഇമ്രാൻ ഖാന്റെ സഹോദരിയേയും പിടിഐ നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആണ് പ്രവർത്തകർ പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. അഡിയാല ജയിലിൽ ഇമ്രാൻ ഖാനെ കാണാൻ എത്തിയ സഹോദരിമാരെ അകത്തേക്ക് പ്രവേശിപ്പിക്കാതിരുന്നതോടെയാണ് പ്രതിഷേധം ആരംഭിച്ചത്.
ഇമ്രാൻ ഖാന് ആഴ്ചയിൽ രണ്ടുതവണ, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്താൻ അനുവാദം നൽകണമെന്ന് മാർച്ച് 24 ന് ഇസ്ലാമാബാദ് ഹൈക്കോടതി ഉത്തരവിട്ടിട്ടും മുൻ പ്രധാനമന്ത്രിയെ കാണാൻ ജയിൽ അധികൃതർ സഹോദരിമാർക്ക് അനുമതി നൽകിയില്ല. ഇതോടെ ജയിലിന് പുറത്ത് പ്രതിഷേധം ആരംഭിക്കുകയും ഇമ്രാൻഖാന്റെ സഹോദരിയെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ജയിലിന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തിയാണ് കുടുംബവും പാർട്ടി നേതാക്കളും പ്രതികരിച്ചത്. തുടർന്ന് ജയിലിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയതിന് ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രി സൊഹൈൽ അഫ്രീദിയോട് ജയിലിൽ കഴിയുന്ന പി.ടി.ഐ നേതാവ് വൻ പ്രതിഷേധത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കാൻ ആവശ്യപ്പെട്ടതായി അലീമ മാധ്യമങ്ങളെ അറിയിച്ചു.











Discussion about this post