കാസർകോട് : ദുബായിലെ വിവിധ ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കാസർകോട് സ്വദേശിയായ അബ്ദുൾ റഹ്മാൻ ദുബായിലെ ബാങ്കുകളിൽ നിന്നും വായ്പ തട്ടിപ്പ് വഴി തട്ടിയെടുത്തത് 300 കോടിയോളം രൂപയാണ്.
കേരളത്തിൽ സിനിമ റിയൽ എസ്റ്റേറ്റ് ബിസിനസുകൾ നടത്തിവന്നിരുന്ന വ്യക്തിയാണ് ഇഡി കസ്റ്റഡിയിൽ എടുത്തിട്ടുള്ള അബ്ദുൾ റഹ്മാൻ. ദുബായിലെ ബാങ്കുകളിൽ നിന്നും വായ്പ തട്ടിപ്പ് നടത്തിയ പണമാണ് ഇയാൾ ഇത്തരത്തിൽ സിനിമ വ്യവസായത്തിലും റിയൽ എസ്റ്റേറ്റ് വ്യവസായത്തിലും നിക്ഷേപിച്ചിരുന്നത്.
കേരളത്തിൽ പ്രവർത്തിച്ചുവന്നിരുന്ന പ്രതി ചില പ്രമുഖ മലയാളം സിനിമകൾക്ക് സാമ്പത്തിക സഹായം നൽകിയിരുന്നതായും ഇഡി സൂചിപ്പിച്ചു. 2017-18 കാലഘട്ടത്തിലാണ് ഇയാൾ ദുബായിലെ വിവിധ ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് മുങ്ങിയത്. നിലവിൽ കൊച്ചിയിലെ ഇഡി ഓഫീസിൽ ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.







