തിരുവനന്തപുരം: സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്ന് യുവ ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ റുവൈസിന്റെ ബന്ധുക്കളെയും കേസിൽ പ്രതി ചേർക്കും. റുവൈസിന്റെ ബന്ധുക്കൾ സ്ത്രീധന തുക ആവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്തിയെന്ന് ഷഹനയുടെ അമ്മ മൊഴി നൽകിയിരുന്നു. ഇതേ തുടർന്നാണ് നടപടി. ബന്ധുക്കളെ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
അതേസമയം, റുവൈസിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. സ്ത്രീധനം ആവശ്യപ്പെട്ട് റുവൈസ് നടത്തിയ സമ്മർദ്ദമാണ് ഷഹനയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്. പ്രതിയുടെ പ്രവൃത്തി അപരിഷ്കൃതവും നീചവുമെന്നാണ് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത്. വിവാഹത്തിന് സ്ത്രീധനം ചോദിച്ച് റുവൈസ് തന്നെ വഞ്ചിച്ചെന്ന് ഷഹന എഴുതിയ ആത്മഹത്യ കുറിപ്പിൽ പറയുന്നു.
ആത്മഹത്യപ്രേരണ കുറ്റത്തിനും സ്ത്രീധന നിരോധന വകുപ്പ് പ്രകാരവുമാണ് റിവൈസിനെതിരേ കേസെടുത്തിരിക്കുന്നത്. ഇതിനിടെ, ഡോ. ഷഹനയുടെ ആത്മഹത്യ കുറിപ്പിൽ റുവൈസിനെതിരെ പരാമർശങ്ങൾ ഉണ്ടായിരുന്നിട്ടും ആദ്യം തന്നെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കുന്നതിൽ പോലീസ് വൈകിപ്പിച്ചതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. പ്രതിയുടെ പേരും ഷഹനയുടെ ആത്മഹത്യക്ക് വഴിവെച്ച കാരണങ്ങളും ആദ്യം മറച്ചുവെച്ച പോലീസ് പിന്നീട് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നതെന്നാണ് വിമർശനങ്ങൾ ഉയർന്നിരിക്കുന്നത്.
Discussion about this post