മുംബൈ: റിസർവ് ബാങ്ക് രാജ്യത്തെ നടപ്പ് സാമ്പത്തിക വർഷത്തെ പ്രതീക്ഷിക്കപ്പെടുന്ന ജിഡിപി വളർച്ചാ നിരക്ക് വർദ്ധിപ്പിക്കുകയും പോളിസി നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തുകയും ചെയ്തതിനെത്തുടർന്ന് വെള്ളിയാഴ്ച സെൻസെക്സും നിഫ്റ്റിയും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ ക്ലോസ് ചെയ്തു.ഉയർന്ന ജി ഡി പി വളർച്ചാ നിരക്ക് പ്രതീക്ഷിക്കുന്ന വാർത്ത പുറത്ത് വന്നതിനെ തുടർന്ന്, ബാങ്കിങ് തുടങ്ങിയ സംവേദനക്ഷമമായ ഓഹരികൾ വാങ്ങാൻ നിക്ഷേപകർ തള്ളിക്കയറുന്ന കാഴ്ചയാണ് കണ്ടത്
ബിഎസ്ഇ സെൻസെക്‌സ് 303.91 പോയിന്റ് അഥവാ 0.44 ശതമാനം ഉയർന്ന് 69,825.60 എന്ന പുതിയ ഉയരത്തിലെത്തി. സൂചിക, ഇൻട്രാ-ഡേയിലെ ഏറ്റവും ഉയർന്ന നിലവാരമായ 69,893.80 ലും എത്തിയിരുന്നു.
കൂടുതൽ വിശാലമായ സൂചികയായ നിഫ്റ്റിയും 68.25 പോയിന്റ് അഥവാ 0.33 ശതമാനം ഉയർന്ന് 20,969.40 എന്ന റെക്കോർഡിലെത്തി.
എക്സ്ചേഞ്ച് ഡാറ്റ പ്രകാരം വ്യാഴാഴ്ച വിദേശ സ്ഥാപന നിക്ഷേപകർ 1,564.03 കോടി രൂപയുടെ ഓഹരികൾ വിറ്റു.
നേരത്തെ റിസർവ് ബാങ്ക് ധനനയം പ്രഖ്യാപിച്ചപ്പോൾ, ജൂലൈ-സെപ്റ്റംബർ പാദത്തിൽ പ്രതീക്ഷിച്ചതിലും ശക്തമായ 7.6 ശതമാനം വളർച്ചയ്ക്ക് ശേഷം, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥ എന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം നിലനിർത്തിക്കൊണ്ട് സാമ്പത്തിക വളർച്ചയുടെ പ്രവചനം 6.5 ശതമാനത്തിൽ നിന്ന് 7 ശതമാനമായി ഉയർത്തിയിരുന്നു.ഇതാണ് ഓഹരി മാർക്കറ്റിൽ നിക്ഷേപകരുടെ തള്ളിക്കയറ്റത്തിന് കാരണം.
പ്രധാന സെൻസെക്‌സ് ഗുണഭോക്താക്കളിൽ , എച്ച്‌സിഎൽ ടെക് 2.69 ശതമാനത്തിന്റെ ഏറ്റവും വലിയ നേട്ടം രേഖപ്പെടുത്തി, തൊട്ടുപിന്നാലെ ജെഎസ്‌ഡബ്ല്യു സ്റ്റീൽ (2.44 ശതമാനം), ഇൻഫോസിസ് (1.67 ശതമാനം) എന്നിവരാണുള്ളത് . എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടൈറ്റൻ, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് ലാഭമുണ്ടാക്കിയ മറ്റ് ഓഹരികൾ
Discussion about this post