ന്യൂഡൽഹി : ചോദ്യത്തിന് കോഴ ആരോപണം തെളിഞ്ഞതിനെ തുടർന്ന് ലോക്സഭാംഗത്വത്തിൽ നിന്നും പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടികൾ. അടുത്ത തിരഞ്ഞെടുപ്പിൽ മഹുവ മൊയ്‌ത്ര വൻ ഭൂരിപക്ഷത്തോടെ തിരിച്ചെത്തുമെന്ന് കോൺഗ്രസ് എംപി ശശി തരൂർ വ്യക്തമാക്കി.
മഹുവയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ മഹുവ മൊയ്ത്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സോണിയ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു. മഹുവ മൊയ്ത്രയെ ലോക്സഭ അംഗത്വത്തിൽ നിന്നും പുറത്താക്കിയ തീരുമാനം അറിയിച്ചതോടെ പ്രതിപക്ഷ അംഗങ്ങൾ സഭയിൽ നിന്നും ഇറങ്ങിപ്പോയി.
മഹുവ അനീതിക്ക് ഇരയായെന്നും ഇത് ജനാധിപത്യത്തിന് നിരക്കാത്തതാണെന്നും തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി അറിയിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് മഹുവ മൊയ്ത്രയ്ക്ക് എം പി സ്ഥാനം നഷ്ടപ്പെടുന്നത്. പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തിൽ നിന്ന് ആദ്യമായി എംപിയായ വ്യക്തിയാണ് മഹുവ. തനിക്ക് 49 വയസ്സ് ആയിട്ടേ ഉള്ളൂ എന്നും അടുത്ത 30 വർഷത്തേക്ക് എങ്കിലും പാർലമെന്റിന് അകത്തും പുറത്തും താൻ ബിജെപിക്കെതിരെ പോരാടുമെന്നും പുറത്താക്കലിനു ശേഷം മഹുവ മൊയ്ത്ര പ്രഖ്യാപിച്ചു.
Discussion about this post