ഭോപ്പാൽ: വെള്ളത്തോടൊപ്പം അബദ്ധത്തിൽ തേനീച്ചയെ വിഴുങ്ങിയ യുവകർഷകന് ദാരുണാന്ത്യം. മദ്ധ്യപ്രദേശിലെ ബെറാസിയ സ്വദേശിയായ ഹീരേന്ദ്ര സിംഗ് എന്ന 22 വയസ്സുകാരനാണ് മരിച്ചത്. വെള്ളം കുടിച്ചപ്പോൾ അബദ്ധത്തിൽ നാവിൽ ഒട്ടിപ്പിടിച്ച തേനീച്ച പിന്നീട് ശ്വാസനാളത്തിൽ കുടുങ്ങുകയായിരുന്നു.
ബുധനാഴ്ച രാത്രി അത്താഴത്തിന് ശേഷം വെള്ളം കുടിക്കവെയായിരുന്നു സംഭവം. ഇരുട്ടായിരുന്നതിനാൽ ഗ്ലാസിനുള്ളിൽ പറ്റിപ്പിടിച്ചിരുന്ന തേനീച്ചയെ ഹീരേന്ദ്ര കണ്ടില്ല. വിഴുങ്ങുന്ന സമയത്ത് തേനീച്ചയ്ക്ക് ജീവനുണ്ടായിരുന്നതാണ് പ്രശ്നമായത്.
തേനീച്ച ശ്വാസനാളത്തിൽ കുടുങ്ങിയതോടെ ഹീരേന്ദ്രക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. തുടർന്ന് സഹോദരൻ മാൽഖൻ സിംഗും സഹായി ഹിമ്മത് സിംഗ് ധക്കദും ചേർന്ന് ഹീരേന്ദ്രയെ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോയി.
ഇവിടെ നടത്തിയ ചികിത്സയ്ക്കൊടുവിൽ ഹീരേന്ദ്ര ഛർദ്ദിക്കുകയും ഇതോടൊപ്പം തേനീച്ച പുറത്തേക്ക് പോവുകയും ചെയ്തു. എങ്കിലും യുവാവ് മരണപ്പെടുകയായിരുന്നു. ഛർദ്ദിയോടൊപ്പം പുറത്ത് പോയെങ്കിലും ഹീരേന്ദ്രയുടെ ശ്വാസനാളത്തിൽ തേനീച്ച കുത്തിയ ഭാഗത്ത് നീർക്കെട്ടുണ്ടായിരുന്നു. ഇത് ശ്വാസോച്ഛ്വാസത്തിന് തടസ്സമായതാണ് മരണകാരണമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post