പറ്റ്‌ന: ബിഹാറിൽ ഞായറാഴ്ച നടക്കുന്ന ഈസ്റ്റേൺ സോണൽ കൗൺസിലിന്റെ 26-ാമത് യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അദ്ധ്യക്ഷത വഹിക്കും. ബിഹാർ, പശ്ചിമ ബംഗാൾ, ഒഡീഷ, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈസ്റ്റേൺ സോണൽ കൗൺസിൽ. ബിഹാർ സർക്കാരുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റർ-സ്റ്റേറ്റ് കൗൺസിൽ സെക്രട്ടേറിയറ്റാണ് യോഗം സംഘടിപ്പിക്കുന്നത്.
യോഗത്തിൽ മുഖ്യമന്ത്രിമാർക്കൊപ്പം ഓരോ സംസ്ഥാനത്ത് നിന്നും രണ്ട് മുതിർന്ന മന്ത്രിമാരും പങ്കെടുക്കും. ചീഫ് സെക്രട്ടറിമാരും സംസ്ഥാന സർക്കാരുകളിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുടെയും കേന്ദ്ര സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യവും യോഗത്തിൽ ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
1956ലെ സംസ്ഥാന പുനഃസംഘടന നിയമത്തിന്റെ 15-22 വകുപ്പിന് കീഴിലാണ് അഞ്ച് സോണൽ കൗൺസിലുകൾ 1957-ൽ സ്ഥാപിതമായത്. ഈ അഞ്ച് സോണൽ കൗൺസിലുകളുടെ ചെയർമാൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും അഡ്മിനിസ്‌ട്രേറ്ററും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ലെഫ്റ്റനന്റ് ഗവർണറുമാണ്. അതിലെ അംഗങ്ങളിൽ ഒരാൾ എല്ലാ വർഷവും മാറി മാറി, വൈസ് ചെയർമാനായിരിക്കും. ഈസ്റ്റേൺ സോണൽ കൗൺസിലിന്റെ 26-ാമത് യോഗത്തിന്റെ വൈസ് ചെയർമാൻ ബിഹാർ മുഖ്യമന്ത്രിയാണ്.
സംസ്ഥാനങ്ങൾ നിർദ്ദേശിക്കുന്ന വിഷയങ്ങൾ ആദ്യം ബന്ധപ്പെട്ട സോണൽ കൗൺസിലിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് മുൻപാകെ ചർച്ചയ്ക്ക് വയ്ക്കും. പരസ്പര സമ്മതത്തോടെ ഇവിടെ പരിഹരിക്കാൻ കഴിയാത്ത പ്രശ്‌നങ്ങൾ സോണൽ കൗൺസിൽ യോഗത്തിൽ ചർച്ചയ്ക്കായി അവതരിപ്പിക്കുന്നു. 2014 മുതലുള്ള കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ, വിവിധ സോണൽ കൗൺസിലുകളുടെ 29 സ്റ്റാൻഡിംഗ് കമ്മിറ്റി യോഗങ്ങളും 26 സോണൽ കൗൺസിൽ യോഗങ്ങളും ഉൾപ്പെടെ ആകെ 55 യോഗങ്ങൾ നടന്നു.
Discussion about this post