ശരീരഭാരം നിയന്ത്രിക്കാൻ ഭക്ഷണം ഒഴിവാക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങളുടെ മനസ്സും ശരീരവും തീർച്ചയായും നാശത്തിലേക്കാണ് നീങ്ങുന്നതെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ശരീരഭാരം കുറയ്ക്കാൻ തീവ്രമായ ഡയറ്റിംഗ് എന്നത് മണ്ടൻ തീരുമാനമാണ്. ഭക്ഷണം ഒഴിവാക്കാതെ തന്നെ ശരീരഭാരം കുറയ്ക്കാൻ സാധിക്കും.
ഭക്ഷണം ഒഴിവാക്കുന്നത് നമ്മുടെ ശരീരത്തിൽ ദീർഘകാലാടിസ്ഥാനത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ശരീരത്തിലെ ഓരോ സംവിധാനങ്ങളെയും അവയവങ്ങളെയും ശക്തിപ്പെടുത്താൻ ഭക്ഷണം അനിവാര്യമാണ്. അതുകൊണ്ട് തന്നെ ഭക്ഷണം ഒഴിവാക്കുകയോ ദീർഘനേരം ഉപവാസം അനുഷ്ഠിക്കുകയോ ചെയ്യുന്നത് അപകടമാണ്.
ശരീരത്തിന്, പ്രത്യേകിച്ച് തലച്ചോറിന് ആവശ്യമായ ഗ്ലൂക്കോസിന്റെ ഉറവിടം ഭക്ഷണമാണ്. ഭക്ഷണം ഒഴിവാക്കിയാൽ ശരീരത്തിന് ആവശ്യത്തിന് ഗ്ലൂക്കോസ് ലഭിക്കാതെ വരും. ഇത് അപകടകരമാണ്.
ദീർഘനേരം ഭക്ഷണം ഒഴിവാക്കുന്നത് മാനസിക ആരോഗ്യത്തെ ബാധിക്കും. പ്രഭാതഭക്ഷണം ഒഴിവാക്കുന്ന കൗമാരക്കാരിൽ മാനസിക സമ്മർദ്ദവും വിഷാദരോഗവും ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണെന്ന് അന്താരാഷ്ട്ര പഠനങ്ങൾ തെളിയിക്കുന്നു.
ദീർഘനേരം ഭക്ഷണം കഴിക്കാതെ ഇരിക്കുന്നതിന്റെ ഫലമായി ഗ്ലൂക്കോസ് ഉത്പാദനം കുറയുകയും ഇത് സ്ട്രെസ്സ് ഹോർമോണായ കോർട്ടിസോളിന്റെ ഉത്പാദനം കൂട്ടുകയും ചെയ്യുന്നു. തത്ഫലമായി അമിത് ഉത്കണ്ഠ ഉടലെടുക്കുന്നു.
കഠിനമായ മലബന്ധം, വയറിളക്കം, ഛർദ്ദി എന്നിവ ഭക്ഷണം ഒഴിവാക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്നു. ഇവിടെയും കോർട്ടിസോളിന്റെ ഉത്പാദനമാണ് വില്ലനാകുന്നത്. ഇത് ഇറിറ്റബിൾ ബവൽ സിൻഡ്രത്തിലേക്ക് നയിക്കുന്നു.
ഒരു നേരം ഭക്ഷണം ഒഴിവാക്കുന്നത് അടുത്ത നേരം കൂടുതൽ ഭക്ഷണം കഴിക്കാനുള്ള ത്വര വർദ്ധിപ്പിക്കുന്നു. ഇത് കൂടുതൽ കുഴപ്പങ്ങളിലേക്ക് നയിക്കുന്നു.
ഭക്ഷണം ഒഴിവാക്കുന്നത് തലച്ചോറിനെ മന്ദീഭവിപ്പിക്കുകയും ദൈനംദിന പ്രവർത്തനങ്ങളിൽ ശ്രദ്ധ കുറയാൻ കാരണമാകുകയും ചെയ്യുന്നു. പ്രമേഹ രോഗികളിൽ ഇത് ഗുരുതരമായ അവസ്ഥകൾക്ക് കാരണമാകുന്നു.
ഭക്ഷണ കാര്യത്തിൽ നേരത്തേ കൂട്ടിയുള്ള തയ്യാറെടുപ്പുകൾ ഭക്ഷണം ഒഴിവാക്കുന്നത് തടയാൻ സഹായിക്കും. ഒരാഴ്ചത്തെ സമീകൃതമായ മെനു ചാർട്ട് നേരത്തേ തയ്യാറാക്കി വെക്കുന്നത് ഗുണകരമാണ്. എല്ലാ ദിവസവും കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നത് ശീലമാക്കണം. പാകം ചെയ്യുമ്പോൾ ആവശ്യത്തിലും അൽപ്പം അധികം ഭക്ഷണം നേരത്തെ തയ്യാറാക്കി വെക്കുന്നതും നല്ലതാണ്. അഥവാ ഒരു നേരം ഭക്ഷണം തയ്യാറാക്കാൻ സാധിച്ചില്ലെങ്കിൽ ഇത് ഉപയോഗിക്കാം.
അമിതവണ്ണവും ഭാരവും ഒഴിവാക്കാൻ കൃത്യമായ അളവിൽ കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കുന്നതും വ്യായാമം ചെയ്യുന്നതുമാണ് ഭക്ഷണം ഒഴിവാക്കുന്നതിനേക്കാൾ ഫലപ്രദം.
Discussion about this post