ശ്രീനഗര്‍: ശ്രീനഗര്‍-ലേ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന ചിറ്റൂര്‍ സ്വദേശി മനോജ് (24) മരിച്ചു. ഇന്ന് രാവിലെ 10.30 ഓടെയാണ് മനോജ് മരിച്ചത്. ഇതോടെ കശ്മീർ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. സൗറയിലെ എസ്‌കെഐഎംഎസ് ആശുപത്രിയില്‍ മനോജിന് ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില മാറ്റമില്ലാതെ തുടരുകയായിരുന്നു. മന്ത്രി കെ കൃഷ്ണന്‍കുട്ടി മുഖ്യമന്ത്രിയുമായി സംസാരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ അനില്‍, സുധീഷ്, രാഹുല്‍, വിഘ്‌നേഷ് എന്നിവരാണ് മരിച്ച മറ്റ് നാല് പേർ. വെള്ളിയാഴ്ച്ച ചിറ്റൂര്‍ മന്തക്കാട് പൊതുശ്മശാനത്തില്‍ ഇവരുടെ സംസ്കാരം നടത്തിയിരുന്നു. പ്രത്യേകം സജ്ജമാക്കിയ വിമാനത്തിലാണ് ശ്രീനഗറിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന നാല് മൃതദേഹങ്ങളും നാട്ടിലേക്ക് കൊണ്ടുവന്നത്. ചിറ്റൂരിലെത്തിച്ച മൃതദേഹങ്ങള്‍ ടെക്നിക്കല്‍ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമായിരുന്നു സംസ്കാരം.
അപകടത്തിൽ മരിച്ച അഞ്ചുപേരും ഉറ്റസുഹൃത്തുക്കളും അയൽവാസികളുമായിരുന്നു. നവംബർ 30ന് ട്രെയിൻ മാർഗമാണ് സംഘം കശ്മീരിലേക്ക് തിരിച്ചത്. ഡിസംബർ 10ന് നാട്ടിലേക്ക് തിരിക്കാനിരിക്കെയാണ് അപകടമുണ്ടായത്.
Discussion about this post