ന്യൂഡൽഹി: 1999 ലെ കാർഗിൽ യുദ്ധവുമായി ബന്ധപ്പെട്ട രഹസ്യം വെളിപ്പെടുത്തി പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. കാർഗിലിൽ നുഴഞ്ഞുകയറി ഇന്ത്യയെ ആക്രമിക്കാനുള്ള പദ്ധതിയെ എതിർത്തതിന്റെ പേരിൽ തന്നെ പുറത്താക്കിയതായി അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യയുമായും മറ്റ് അയൽരാജ്യങ്ങളുമായും നല്ല ബന്ധം പുലർത്തേണ്ടതിന്റെ പ്രാധാന്യം അടിവരയിട്ടുകൊണ്ടാണ് കാർഗിൽ യുദ്ധത്തെ എതിർത്തത്. എന്നാൽ, ജനറൽ പർവേസ് മുഷറഫ് തന്നെ സർക്കാരിൽ നിന്ന് പുറത്താക്കുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
‘1993ലും 1999ലും എന്നെ പുറത്താക്കിയത് എന്തുകൊണ്ടാണെന്ന് എന്നോട് പറയണം. അത് സംഭവിക്കരുത് എന്ന് പറഞ്ഞ് ഞാൻ കാർഗിൽ പദ്ധതിയെ എതിർത്തപ്പോൾ… (ജനറൽ പർവേസ് മുഷറഫ്) എന്നെ പുറത്താക്കി. പിന്നീട് ഞാൻ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു നവാസ് ഷെരീഫ് വ്യക്തമാക്കി.
രണ്ട് ഇന്ത്യൻ പ്രധാനമന്ത്രിമാർ പാകിസ്താൻ സന്ദർശിച്ചത് താൻ പ്രധാനമന്ത്രിയായിരുന്ന കാലത്താണെന്നും പാകിസ്താൻ മുസ്ലീം ലീഗ്-നവാസിന്റെ (പിഎംഎൽ-എൻ) പരമോന്നത നേതാവ് കൂടിയായ നവാസ് ഷെരീഫ് പറഞ്ഞു. ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങളുമായുള്ള ബന്ധം പാകിസ്താൻ മെച്ചപ്പെടുത്തേണ്ടതുണ്ട്. ചൈനയുമായും കൂടുതൽ ശക്തമായ ബന്ധം സ്ഥാപിക്കേണ്ടതുണ്ട്. സാമ്പത്തിക വളർച്ചാ വികസനത്തിൽ പാകിസ്താൻ അയൽരാജ്യങ്ങളേക്കാൾ പിന്നിലായതിൽ നവാസ് ഷെരീഫ് ഖേദം പ്രകടിപ്പിച്ചു.
മൂന്നു തവണ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫ് (73) അഴിമതിക്കേസിൽ 7 വർഷം തടവിനു ശിക്ഷിക്കപ്പെട്ട് ലഹോർ ജയിലിൽ കഴിയവേ ചികിത്സക്കായി ലണ്ടനിലേക്ക് പോവുകയായിരുന്നു. കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് അദ്ദേഹം പാകിസ്താനിലേക്ക് തിരികെയെത്തിയത്.








