ന്യൂഡൽഹി : ആധാർ കാർഡ് ലഭിക്കാനായി വിരലടയാളമോ ഐറിസോ നൽകാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇനി ഭയപ്പെടേണ്ടതില്ല. ഇത്തരം ബുദ്ധിമുട്ടുകൾ ഉള്ളവർക്കായി സുപ്രധാന തീരുമാനം എടുത്തിരിക്കുകയാണ് കേന്ദ്രസർക്കാർ. വിരലടയാളം നൽകാൻ കഴിയാത്തവർക്ക് ഐറിസ് മാത്രം ഉപയോഗിച്ച് ഇനിമുതൽ ആധാർ എൻറോൾ ചെയ്യാൻ കഴിയും. അതേ രീതിയിൽ ഐറിസ് നൽകാൻ കഴിയാത്തവർക്ക് വിരലടയാളം മാത്രം ഉപയോഗിച്ചും ഇനി എൻറോൾ ചെയ്യാവുന്നതാണ്.
വിരലുകളില്ലാത്തതിനാൽ ആധാറിന് എൻറോൾ ചെയ്യാൻ കഴിയാതിരുന്നതിനാൽ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന മലയാളി യുവതിയായ ജോസിമോൾ പി ജോസ് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ജോസിമോൾക്ക് ആധാർ കാർഡ് ലഭ്യമാക്കാൻ ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ നടത്തിയ ഇടപെടലുകളെ തുടർന്നാണ് കേന്ദ്രസർക്കാർ ഇത്തരത്തിൽ ഒരു സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
വിരലടയാളം നൽകുന്നതിനോ ഐറിസ് നൽകുന്നതിനോ വൈകല്യങ്ങളോ ബുദ്ധിമുട്ടുകളോ ഉള്ളവർക്ക് ഇതര ബയോമെട്രിക്‌സ് എടുത്ത് ആധാർ നൽകണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. എല്ലാ ആധാർ സേവന കേന്ദ്രങ്ങൾക്കും നിർദ്ദേശം അയച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. വിരലുകളുടെയും ഐറിസിന്റെയും ബയോമെട്രിക്‌സ് ഒരുപോലെ നൽകാൻ കഴിയാത്ത ഒരാൾ ആണെങ്കിൽ അതൊരു അസാധാരണ സാഹചര്യമാക്കി കണക്കാക്കി എന്റോൾമെന്റ് ഓഫീസർക്ക് ഈ രണ്ട് ബയോമെട്രിക്സും സമർപ്പിക്കാതെ തന്നെ ആധാർ എന്റോൾമെന്റ് നടത്താൻ കഴിയുന്ന രീതിയിൽ നിർദ്ദേശം നൽകിയിട്ടുള്ളതായി കേന്ദ്രസർക്കാർ വ്യക്തമാക്കി.










Discussion about this post