കൊല്ലം : ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് 10 പേർക്ക് പരിക്കേറ്റു. കൊട്ടാരക്കര ദിണ്ടുക്കൽ ദേശീയപാതയിലാണ് അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്. ആന്ധ്രപ്രദേശിൽ നിന്നും തെലങ്കാനയിൽ നിന്നും ഉള്ള ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ ആണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റവരെ ആദ്യം പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്കും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്കുമായി പരിക്കേറ്റവരെ മാറ്റിയിട്ടുണ്ട്. ആന്ധ്രപ്രദേശിൽ നിന്നുള്ള അയ്യപ്പ ഭക്തർ ശബരിമലയിലേക്ക് പോകുന്ന വഴിയായിരുന്നു.
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങി വരികയായിരുന്ന തെലങ്കാന സ്വദേശികൾ സഞ്ചരിച്ചിരുന്ന ട്രാവലർ ആന്ധ്രപ്രദേശിൽ നിന്നും വരികയായിരുന്നവരുടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കുട്ടിക്കാനത്തിനും പീരുമേടിനും ഇടയിൽ വച്ചായിരുന്നു അപകടം നടന്നത്.
Discussion about this post