തിരുവനന്തപുരം: പോലീസ് നായ കല്യാണിയുടെ മരണത്തിൽ ദുരൂഹത. നായ ചത്തത് വിഷം ഉള്ളിൽ ചെന്നാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് സിറ്റി പോലീസ് കമ്മീഷണർ ഉത്തരവിട്ടിരിക്കുകയാണ്.ഡോഗ് സ്‌ക്വാഡ് എസ് ഐ ഉണ്ണിത്താൻ, പട്ടിയെ പരിശീലിപ്പിച്ച രണ്ട് പൊലീസുകാർ എന്നിവർക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്.
തിരുവനന്തപുരം സിറ്റി പോലീസിന്റെ ഡോഗ് സ്‌ക്വാഡ് അംഗമായിരുന്നു കല്യാണി. ഇൻസ്‌പെക്ടർ റാങ്കിലുള്ള കല്യാണി ചത്തത് കഴിഞ്ഞ മാസം 20 നായിരുന്നു. നായയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് ദുരുഹതകൾ വഴി തുറക്കുന്നത്.
കല്ല്യാണിയുടെ ആന്തരിക അവയവങ്ങളിൽ കണ്ടെത്തിയ വിഷാംശമാണ് സംശയങ്ങൾക്ക് പിന്നിൽ. പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ റിപ്പോർട്ട് ചെയ്തതനുസരിച്ച് നായയുടെ ആന്തരിക അവയവങ്ങൾ വിശദമായ രാസ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
വിഷാംശം കണ്ടെത്തിയ പശ്ചാത്തലത്തിൽ കെ 9 സ്‌ക്വാഡിലെ മറ്റ് നായകളെ പരിശോധിച്ചെങ്കിലും പ്രശ്‌നങ്ങളില്ല. കല്യാണിയുടെ ഉള്ളിൽ മാത്രം എങ്ങനെ വിഷം എത്തിയെന്നതിലാണ് വ്യക്തത വരേണ്ടത്. പൂന്തുറ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്











