ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച് വിധി പ്രസ്താവിച്ച് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്.
ഭരണഘടനയാൽ നിലവിൽ വന്ന ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കാശ്മീരിന് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു സ്വയം ഭരണാവകാശം ഇല്ലെന്നും, അന്നത്തെ പ്രേത്യേക സാഹചര്യത്തിൽ താത്കാലികമായി കൊണ്ട് വന്ന ഒരു വ്യവസ്ഥ മാത്രമായിരുന്നു ആർട്ടിക്കിൾ 370 എന്നും അർത്ഥശങ്കയ്ക്ക് ഇടമില്ലാത്ത വിധത്തിൽ സുപ്രീം കോടതി വ്യക്തമാക്കി.ഇതോടു കൂടി ജമ്മു കാശ്മീരുമായി ബന്ധപെട്ടു നിൽക്കുന്ന അനിശ്ചിതത്വങ്ങൾക്കെല്ലാം പൂർണ്ണ വിരാമം ആയിരിക്കുകയാണ്
ആർട്ടിക്കിൾ 370 താത്ക്കാലികം മാത്രമായിരുന്നു. യുദ്ധസാഹചര്യത്തിലായിരുന്നു ഈ അനുച്ഛേദം ഏർപ്പെടുത്തിയത്. അത് എടുത്തുകളയാൻ രാഷ്‌ട്രപതിക്ക് അനുമതിയുണ്ട്. അതിന് നിയമസഭയുടെ അനുമതിയുടെ ആവശ്യമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെയാണ് വിധി പ്രസ്താവം. 370 വിഭജനത്തിനായിരുന്നില്ല ഏകീകരണത്തിന് വേണ്ടിയായിരുന്നുവെന്നും വിധിയിൽ വ്യക്തമാക്കുന്നു.
ജമ്മു കാശ്മീരിനുള്ള പ്രേത്യേക ഭരണഘടന, സംസ്ഥാനത്തിന് ഇന്ത്യയുമായുള്ള ബന്ധം വിശദീകരിക്കുക എന്ന ഉദ്ദേശത്തിൽ മാത്രമുള്ളതാണ്. അല്ലാതെ സംസ്ഥാനത്തിന്റെ പരമാധികാരത്തെ അത് സൂചിപ്പിക്കുന്നില്ല. സംസ്ഥാനത്തിന് എന്തെങ്കിലും പരമാധികാരം ഉണ്ടായിരുന്നത് ഇന്ത്യൻ യൂണിയനിൽ ലയിച്ചതോടു കൂടെ ഇല്ലാതായി എന്നും സുപ്രീം കോടതി വ്യക്തമാക്കി
ആർട്ടിക്കിൾ 370 1ഡി ഇന്ത്യൻ പ്രസിഡന്റിനാൽ അനവധി തവണ ഉപയോഗിക്കപ്പെട്ടിട്ടുണ്ട് എന്നത് കാണിക്കുന്നത് ഈ കഴിഞ്ഞ കാലഘട്ടങ്ങളിലായി ഇന്ത്യൻ യൂണിയനുമായി കശ്മീർ സംസ്ഥാനത്തിനുള്ള ഭരണഘടനാപരമായ വിളക്കിച്ചേർക്കൽ നടന്നു വരുന്നുണ്ട് എന്നാണ്. അതിനാൽ തന്നെ ഇന്ത്യൻ പ്രസിഡന്റ് കൈകൊണ്ട ഈ തീരുമാനത്തെ തെറ്റായ പ്രവൃത്തിയായി വ്യാഖ്യാനിക്കാൻ കഴിയില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി
Discussion about this post