ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി വിധി പറഞ്ഞ സാഹചര്യത്തിൽ ശ്രീനഗറിൽ ഉൾപ്പെടെ സുരക്ഷ ശക്തമാക്കി. പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധ സാദ്ധ്യതയുൾപ്പെടെ കണക്കിലെടുത്താണ് നടപടി. പിഡിപിയും നാഷണൽ കോൺഫറൻസും അടക്കമുളള പ്രാദേശിക പാർട്ടികൾ പ്രതിഷേധത്തിന് ഇറങ്ങാനുളള സാദ്ധ്യത പോലീസ് കണക്കുകൂട്ടുന്നുണ്ട്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ എതിർത്തിരുന്ന ഇവരുടെ വാദങ്ങൾക്കുളള സമ്പൂർണ തിരിച്ചടിയാണ് കോടതി വിധി. ആ സാഹചര്യത്തിൽ അണികളെ ഇറക്കി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുളള സാദ്ധ്യതയും പോലീസ് കണക്കുകൂട്ടുന്നു.
പിഡിപി പ്രസിഡന്റ് മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലിലാക്കിയെന്നാണ് റിപ്പോർട്ടുകൾ. നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളയുടെയും വൈസ് പ്രസിഡന്റ് ഒമർ അബ്ദുള്ളയുടെയും വസതിക്ക് സമീപം മാദ്ധ്യമ പ്രവർത്തകരെ വിലക്കിയിട്ടുണ്ട്.
2019 ലെ ജമ്മു കശ്മീർ പുനഃസംഘടന നിയമത്തെ ചോദ്യം ചെയ്ത് സ്വകാര്യ വ്യക്തികൾ, അഭിഭാഷകർ, ആക്ടിവിസ്റ്റുകൾ, രാഷ്ട്രീയക്കാർ, രാഷ്ട്രീയ പാർട്ടികൾ എന്നിവർ നൽകിയ ഹർജികളാണ് കോടതി പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബിആർ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.
ഹർജിക്കാർ വാദിച്ചതുപോലെ ജമ്മു കശ്മീരിന് പരമാധികാരം ഇല്ലെന്നും ആർട്ടിക്കിൾ 370 താൽക്കാലികം മാത്രമാണെന്നുമാണ് കോടതിയുടെ വിധി. ജമ്മു കശ്മീർ ഇന്ത്യൻ ഭരണഘടനയ്ക്ക് വിധേയമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Discussion about this post