പത്തനംതിട്ട : കുടിക്കാൻ ഒരു തുള്ളി വെള്ളമോ കഴിക്കാൻ ഭക്ഷണമോ ലഭ്യമാക്കാതെ ഇലവങ്കലിലും നിലയ്ക്കലും അയ്യപ്പഭക്തരെ തടയുന്നതിനെതിരെ കടുത്ത പ്രതിഷേധം. രാത്രി വൈകിയും അയ്യപ്പഭക്തർ ഇലവുങ്കലിൽ പ്രതിഷേധിച്ചു. കെഎസ്ആർടിസി ബസ്സിൽ അയ്യപ്പഭക്തരെ കുത്തിനിറച്ചു കൊണ്ടുപോകുന്നതിനെതിരെ നിലക്കലിലും ഭക്തർ സംഘം ചേർന്ന് പ്രതിഷേധിച്ചു.
തിരക്ക് നിയന്ത്രിക്കാനായി പോലീസ് ഏർപ്പെടുത്തിയ അശാസ്ത്രീയ മാർഗങ്ങളാണ് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയത്. സന്നിധാനത്തെ തിരക്ക് കുറയ്ക്കാൻ ആയാണ് പോലീസ് നിലക്കലിലും ഇലവുങ്കലിലും അയ്യപ്പഭക്തർക്ക് നിയന്ത്രണമേർപ്പെടുത്തിയത്. എന്നാൽ ഈ നിയന്ത്രണം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയാണ് ചെയ്തത്. ശബരിമലയിലേക്ക് എത്തുന്ന അയ്യപ്പഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിൽ തുടക്കം മുതൽ തന്നെ പോലീസിന് വൻ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്.
തുടർച്ചയായി നാലാം ദിവസമാണ് കനത്ത തിരക്ക് മൂലം ശബരിമല തീർത്ഥാടകർ ദുരിതമനുഭവിക്കുന്നത്. ഭക്ഷണമോ വെള്ളമോ ലഭിക്കാതെ മണിക്കൂറുകളോളം ആണ് പലരും വരിയിൽ നിൽക്കുന്നത്. പ്ലാപള്ളി മുതൽ നിലയ്ക്കൽ വരെ വാഹനങ്ങളുടെ നീണ്ട നിരയും കാണാൻ കഴിയുന്നതാണ്. സന്നിധാനത്ത് തിരക്ക് കുറയ്ക്കാനായി 10 മിനിറ്റ് ഇടവേളകളിൽ രണ്ട് കെഎസ്ആർടിസി ബസുകൾ മാത്രമാണ് പോലീസ് നിലക്കലിൽ നിന്നും പമ്പയിലേക്ക് കടത്തിവിടുന്നത്.
കെഎസ്ആർടിസി ബസ്സിൽ മാത്രമേ പമ്പയിലേക്ക് പോകാൻ കഴിയൂ എന്നുള്ളതിനാൽ വലിയ ദുരിതമാണ് ഇപ്പോൾ അയ്യപ്പ ഭക്തർ അനുഭവിക്കുന്നത്. 50 പേർക്ക് കയറാൻ കഴിയുന്ന ബസ്സിൽ നൂറിലേറെ പേരെ കുത്തിനിറച്ചാണ് പമ്പയിലേക്ക് ബസുകൾ വിടുന്നത്. മണിക്കൂറുകളോളം നരകയാതനയാണ് ഇതുവഴി അയ്യപ്പഭക്തർ അനുഭവിക്കുന്നത്. ബസിനുള്ളിൽ പോലും ഭക്തർ തളർന്നുവീഴുന്ന അവസ്ഥ പോലും ഇന്ന് കാണാൻ കഴിഞ്ഞു. അനിയന്ത്രിതമായ തിരക്ക് നാലുദിവസത്തിലേറെയായി തുടർന്നിട്ടും യാതൊരു നടപടിയും സർക്കാരിന്റെയോ പോലീസിന്റെയോ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
Discussion about this post