ന്യൂഡൽഹി : ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കാറിന് നേരെ എസ്എഫ്ഐ പ്രവർത്തകർ ആക്രമണം നടത്തിയ സംഭവത്തിൽ കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. കമ്മ്യൂണിസ്റ്റ് ഭരണത്തിൻ കീഴിലുള്ള പോലീസ് നിയമലംഘനത്തിന്റെ ഏജന്റുമാരാണെന്ന് ശശി തരൂർ വ്യക്തമാക്കി.
ഭരണകക്ഷിയുടെ ഏറ്റവും മോശമായ അതിക്രമങ്ങൾക്ക് കൂട്ടുനിൽക്കുകയാണ് നിലവിൽ കേരളത്തിലെ പോലീസ് എന്നും ശശി തരൂർ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ സമാധാനമായി പ്രതിഷേധിക്കുന്നവരെ കേരള പോലീസ് തല്ലി ചതക്കുകയാണ്. അതേസമയം ഗവർണറെ ആക്രമിക്കാൻ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയ്ക്ക് അവർ കൂട്ടുനിൽക്കുകയും ചെയ്യുന്നുവെന്നും ശശി തരൂർ വ്യക്തമാക്കി.
ഡൽഹിയിലേക്ക് പോകാനായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്ന വഴിക്കായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനത്തിന് നേരെ എസ്എഫ്ഐ പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടത്. എസ്എഫ്ഐ പ്രവർത്തകർ ഗവർണറുടെ വാഹനത്തിനു മുൻപിലേക്ക് ചാടുകയും വാഹനത്തിൽ അടിക്കുകയും അടക്കം ചെയ്തു. ഇതിനിടെ ഗവർണർ വാഹനത്തിൽ നിന്നും പുറത്തിറങ്ങിയതോടെ ഇവർ ഓടിപ്പോവുകയായിരുന്നു.
Discussion about this post