ചെന്നൈ: കെട്ടിട സമുച്ചയത്തിന്റെ എട്ടാം നിലയിൽ നിന്നും താഴെ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. ചെന്നൈയിലെ നവലൂരിലാണ് സംഭവം.
ലിഫ്റ്റിൽ അപ്പാർട്ട്മെന്റിന്റെ അഞ്ചാം നിലയിൽ ഇറങ്ങിയ മാതാപിതാക്കൾ കുട്ടിയെ കൂട്ടാൻ വിട്ടുപോയി. അപ്പോഴേക്കും വാതിലടഞ്ഞ് മുകളിലേക്ക് പോയ ലിഫ്റ്റ് എട്ടാം നിലയിൽ എത്തിയപ്പോൾ തുറന്നു. പരിഭ്രാന്തനായ കുട്ടി പുറത്തിറങ്ങി ബാൽക്കണിയിൽ നിന്ന് താഴേക്ക് നോക്കവേ കാൽ വഴുതി രണ്ടാം നിലയുടെ ബാൽക്കണിയിലേക്ക് വീഴുകയായിരുന്നു.
മാതാപിതാക്കൾക്കൊപ്പം താഴത്തെ നിലയിൽ സൈക്കിൾ ചവിട്ടിക്കൊണ്ട് നിൽക്കുകയായിരുന്ന കുട്ടിയെ, രാത്രിയായതോടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാനാണ് ലിഫ്റ്റിൽ കയറിയത്. അഞ്ചാം നിലയിൽ മാതാപിതാക്കളോടൊപ്പം ഇറങ്ങാൻ സൈക്കിൾ എടുക്കവെ ലിഫ്റ്റ് പെട്ടെന്ന് വാതിലടഞ്ഞ് മുകളിലേക്ക് പോവുകയായിരുന്നു.
കുട്ടി ബാൽക്കണിയിലേക്ക് വീഴുന്നത് രണ്ടാം നിലയിലുള്ളവർ കണ്ടു. അവർ മാതാപിതാക്കളെ വിവരമറിയിച്ചു. ഓടിയെത്തിയ മാതാപിതാക്കൾ കുട്ടിയെ പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇരുപത് നില അപ്പാർട്ട്മെന്റിന്റെ അഞ്ചാം നിലയിലാണ് മാതാപിതാക്കൾക്കൊപ്പം മരണപ്പെട്ട ആരവ് താമസിച്ചിരുന്നത്.
Discussion about this post