പോർട്ട് എലിസബത്ത്: മഴ മൂലം വിജയലക്ഷ്യം പുനർനിർണയിച്ച രണ്ടാം ട്വന്റി20 മത്സരത്തിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് വിജയം. 5 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ പരാജയപ്പെടുത്തിയത്.
ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ റിങ്കു സിംഗിന്റെയും ക്യാപ്ടൻ സൂര്യകുമാർ യാദവിന്റെയും അർദ്ധ സെഞ്ച്വറികളുടെ ബലത്തിൽ 19.3 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്ത് നിൽക്കെ മഴയെത്തി. തുടർന്ന് ആതിഥേയരുടെ വിജയലക്ഷ്യം 15 ഓവറിൽ 152 റൺസായി പുനർ നിർണയിച്ചു. 13.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ പ്രോട്ടീസ് വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
27 പന്തിൽ 49 റൺസ് നേടിയ റീസ ഹെൻഡ്രിക്സും 17 പന്തിൽ 30 റൺസ് നേടിയ ക്യാപ്ടൻ ഏയ്ദൻ മാർക്രമുമാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്. ഡേവിഡ് മില്ലർ 17 റൺസും മാത്യു ബ്രീറ്റ്സ്കെ 16 റൺസുമെടുത്ത് പുറത്തായി. 14 റൺസെടുത്ത സ്റ്റബ്സും 10 റൺസെടുത്ത ഫെലുക്വായോയും പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി മുകേഷ് കുമാർ 2 വിക്കറ്റ് വീഴ്ത്തി.
നേരത്തേ, ഇന്ത്യക്ക് വേണ്ടി റിങ്കു സിംഗ് 39 പന്തിൽ 68 റൺസുമായി പുറത്താകാതെ നിന്നപ്പോൾ, സൂര്യകുമാർ യാദവ് 36 പന്തിൽ 56 റൺസ് നേടി. ഇന്ത്യൻ ഓപ്പണർമാരായ യശസ്വി ജയ്സ്വാളും ശുഭ്മാൻ ഗില്ലും പൂജ്യത്തിന് പുറത്തായി. തിലക് വർമ 29 റൺസും രവീന്ദ്ര ജഡേജ 19 റൺസും നേടി. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ജെറാൾഡ് കോട്സീ 3 വിക്കറ്റ് വീഴ്ത്തി.
പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.
Discussion about this post