ബാർബഡോസ്: രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം വെസ്റ്റ് ഇൻഡീസ് ട്വന്റി 20 ടീമിലേക്കുള്ള മടങ്ങി വരവ് ഗംഭീരമാക്കി ഓൾ റൗണ്ടർ ആന്ദ്രെ റസൽ. ബൗളിംഗിലും ബാറ്റിംഗിലും ഒരേ പോലെ തിളങ്ങിയ റസലിന്റെ കരുത്തിൽ ട്വന്റി 20 ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ വിൻഡീസ് നാല് വിക്കറ്റിന് തകർത്തു. ആദ്യ മത്സരത്തിലെ വിജയത്തോടെ പരമ്പരയിൽ ആധികാരിക മേൽക്കൈ നേടാൻ ഇതോടെ വിൻഡീസിനായി.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 19.3 ഓവറില്‍ 171 റണ്‍സിന് ഓൾ ഔട്ടായി. ഇംഗ്ലണ്ടിന് വേണ്ടി ഫിലിപ്സ് സാൾട്ട് 20 പന്തില്‍ 40 റൺസും ക്യാപ്ടൻന്‍ ജോസ് ബട്‌ലർ 31 പന്തില്‍ 39 റൺസും നേടി. സാള്‍ട്ടിനെ പുറത്താക്കി വിക്കറ്റ് വേട്ടക്ക് തുടക്കമിട്ട റസൽ പിന്നീടങ്ങോട്ട് ഇംഗ്ലണ്ടിനെ വരിഞ്ഞ് മുറുക്കുകയായിരുന്നു. 27 റൺസെടുത്ത ലിവിംഗ്സ്റ്റണെ ക്ലീൻ ബൗൾഡാക്കിയ റസൽ, റെഹാൻ അഹമ്മദിനെ റോവ്മാൻ പവലിന്റെ കൈകളിൽ എത്തിച്ചു. റസലിന് പുറമെ അല്‍സാരി ജോസഫും മൂന്ന് വിക്കറ്റ് സ്വന്തമാക്കി. റൊമാരിയോ ഷെഫേര്‍ഡ് രണ്ടും അക്കീൽ ഹൊസൈനും ജാസൻ ഹോള്‍ഡറും ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ വെസ്റ്റ് ഇൻഡീസിന് വേണ്ടി ബ്രണ്ടൻ കിംഗ്- കൈൽ മെയേഴ്‌സ് സഖ്യം ഓപ്പണിംഗ് വിക്കറ്റില്‍ 2.4 ഓവറില്‍ 32 റൺസ് കൂട്ടിച്ചേർത്തു. കിംഗ് 12 പന്തില്‍ 22 റൺസും മെയേഴ്‌സ് 21 പന്തില്‍ 35 റൺസും നേടി. ഷായ് ഹോപ് 30 പന്തില്‍ 36 റണ്‍സുമായി പിടിച്ചു നിന്നപ്പോൾ നിക്കോളസ് പുരാന്‍ 12 പന്തില്‍ 13 റണ്‍സെടുത്തും റൊമാരിയോ ഷെഫേര്‍ഡ് ഗോള്‍ഡന്‍ ഡക്കായും മടങ്ങിയത് വിൻഡീസിന് തിരിച്ചടിയായി. എന്നാല്‍ 15 പന്തില്‍ പുറത്താവാതെ 31 റണ്‍സുമായി ക്യാപ്റ്റന്‍ റോവ്‌മാന്‍ പവലും 14 പന്തില്‍ 29 റൺസെടുത്ത ആന്ദ്രേ റസലും ചേർന്ന് 11 പന്ത് ബാക്കി നില്‍ക്കേ വിൻഡീസിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി റെഹാന്‍ അഹമ്മദ് മൂന്നും ആദില്‍ റഷീദ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
ഏകദിന ലോകകപ്പിലെ ദയനീയ പരാജയത്തിന് ശേഷം വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയും (2-1)ന് ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു. പിന്നാലെ ആദ്യ ട്വന്റി 20 മത്സരത്തിലും തോൽവി പിണഞ്ഞത് അവരെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. അതേസമയം സ്വന്തം നാട്ടിൽ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി റസൽ ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങളുടെ നേതൃത്വത്തിൽ ടീം ശക്തി പ്രാപിക്കുന്നത് കരീബിയൻ പടക്ക് കരുത്ത് പകരുന്നു.
Discussion about this post