ന്യൂഡൽഹി: ലോക്‌സഭാ സമ്മേളനം നടന്നുകൊണ്ടിരിക്കെ അപ്രതീക്ഷിത രംഗങ്ങൾ. സന്ദർശക ഗ്യാലറിയിൽ ഉണ്ടായിരുന്ന രണ്ട് യുവാക്കൾ എംപിമാരുടെ ഇരിപ്പിടങ്ങൾക്ക് നടുവിലേക്ക് എടുത്തുചാടുകയായിരുന്നു. അംഗങ്ങളുടെ ടേബിളിന് മുകളിലൂടെയും ഇരിപ്പിടങ്ങൾക്ക് മുകളിലൂടെയും ഓടി നടന്ന ഇവരെ എംപിമാരും പാർലമെന്റിലെ സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടുകയായിരുന്നു.
പശ്ചിമബംഗാളിൽ നിന്നുള്ള എംപി ഖാഗെൻ മുർമു സംസാരിച്ചുകൊണ്ടിരിക്കെയാണ് സംഭവം ഉണ്ടായത്. 2001 ലുണ്ടായ പാർലമെന്റ് ആക്രമണത്തിന്റെ 22 ാം വാർഷിക ദിനത്തിലാണ് അപ്രതീക്ഷിത സംഭവം. മുദ്രാവാക്യം വിളിയോടെയാണ് ഇയാൾ പാർലമെന്റിനുളളിലേക്ക് ചാടിയത്. എന്ത് മുദ്രാവാക്യമാണെന്ന് വ്യക്തമായിട്ടില്ല.
സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഇയാൾ എങ്ങനെ അകത്തു കടന്നുവെന്ന് ഉൾപ്പെടെ വിശദമായ ചോദ്യം ചെയ്യലിൽ മാത്രമേ വ്യക്തമാകൂ. ഇയാളുടെ കൈയ്യിൽ വെടിയുണ്ടകൾ സൂക്ഷിക്കുന്നതുപോലുളള ഒരു ചെറിയ പെട്ടി ഉണ്ടായിരുന്നുവെന്നും അതിൽ നിന്നും മഞ്ഞ കലർന്ന പുക പുറത്തേക്ക് വരുന്നുണ്ടായിരുന്നുവെന്നും കാർത്തി ചിദംബരം എംപി പറഞ്ഞു.
ഇതിന് പിന്നാലെ എംപിമാരെ അടിയന്തിരമായി പുറത്തിറക്കിയിരുന്നു. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.








