ന്യൂഡൽഹി : സുരക്ഷാവീഴ്ച ഉണ്ടായതിനെ തുടർന്ന് ലോക്സഭയിലേക്ക് സന്ദർശകർക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവച്ചു. സന്ദർശക ഗ്യാലറിയിലുണ്ടായിരുന്ന രണ്ട് പേർ സഭാനടപടികൾ നടക്കുന്ന ലോക്‌സഭയിലേക്ക് ചാടി ബഹളം സൃഷ്ടിച്ചതിനെ തുടർന്ന് ബുധനാഴ്ച ഉച്ചയോടെ ലോക്സഭ പ്രക്ഷുബ്ധമായിരുന്നു.
2001ലെ പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിലാണ് ഈ സുരക്ഷാ വീഴ്ച ഉണ്ടായത് എന്നുള്ളത് ശ്രദ്ധേയമാണ്. ലോക്‌സഭയുടെ എല്ലാ ഗാലറികളിലും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ സഭാ നടപടികൾക്കിടെ ഉണ്ടായിരുന്നു. സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യത്തിലും എങ്ങനെയാണ് ഈ നിയമലംഘനം നടന്നതെന്ന് സ്പീക്കർ റിപ്പോർട്ട് തേടും.
ലോക്‌സഭാ എംപി പ്രതാപ് സിംഹ ഒപ്പിട്ടിരിക്കുന്ന പ്രവേശന പാസ് ഉപയോഗിച്ചാണ് പ്രശ്നമുണ്ടാക്കിയ രണ്ടുപേരും ലോക്സഭയുടെ സന്ദർശക ഗ്യാലറിയിലേക്ക് പ്രവേശിച്ചത്. ഈ പ്രവേശന പാസ് യഥാർത്ഥമാണോ എന്നുള്ളതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. നിലവിൽ കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.
Discussion about this post