എറണാകുളം : ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ് പുറത്തിറക്കി. നിലക്കലിൽ അനുഭവപ്പെടുന്ന അനിയന്ത്രിതമായ തിരക്കും വരിയും ഒഴിവാക്കാനായി ശബരിമലയ്ക്ക് കൂടുതൽ കെഎസ്ആർടിസി ബസ്സുകൾ അനുവദിക്കണമെന്ന് സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. സ്പോട്ട് ബുക്കിംഗ് 5000 ആക്കി നിജപ്പെടുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
നിലക്കലിൽ നിന്നും പമ്പയിലേക്കുള്ള കെഎസ്ആർടിസി ബസ്സിൽ അയ്യപ്പഭക്തരെ കുത്തിനിറച്ചു കൊണ്ടുപോകുന്നതിനെതിരെ കോടതി വിമർശനമുന്നയിച്ചു. ഇത്തരത്തിൽ കെഎസ്ആർടിസി ബസ്സിൽ കൂടുതൽ ആളുകളെ കൊണ്ടുപോകുന്നത് നിർത്തണമെന്നും കോടതി ആവശ്യപ്പെട്ടു. നിലവിൽ 10 മിനിറ്റിനുള്ളിൽ രണ്ട് ബസ് വീതമാണ് നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് സർവീസ് നടത്തുന്നത്.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ഒരു ഷിഫ്റ്റില്‍ 700 പൊലീസുകാരെ അധികമായി വിന്യസിച്ചിട്ടുണ്ടെന്നും മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് മേല്‍നോട്ട ചുമതല നൽകിയിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.
കുട്ടികളും സ്ത്രീകളും ഉള്‍പ്പടെയുള്ളവരുടെ സുരക്ഷ പ്രധാനമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സന്നിധാനത്തെ ആള്‍ക്കൂട്ടം നിയന്ത്രിക്കണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. സ്‌പോട്ട് ബുക്കിംഗില്‍ പ്രതിദിനം റിവ്യൂ നടത്തുകയും സംസ്ഥാന പൊലീസ് മേധാവി നേരിട്ട് കാര്യങ്ങൾ നിരീക്ഷിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
Discussion about this post