ഭോപ്പാൽ : മധ്യപ്രദേശിലെ ആരാധനാലയങ്ങളിലും മത കേന്ദ്രങ്ങളിലും മറ്റു കാര്യങ്ങൾക്കും അനിയന്ത്രിതമായി ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിന് നിരോധനം. മതപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അധികാരമേറ്റതിനുശേഷം പുറത്തിറക്കുന്ന ആദ്യ ഉത്തരവാണിത്. നിശ്ചിത ശബ്ദപരിധിയിൽ കൂടുതൽ ശബ്ദത്തിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കരുതെന്നാണ് ഉത്തരവ് വ്യക്തമാക്കുന്നത്.
മത കേന്ദ്രങ്ങളിൽ ഉയർന്ന ശബ്ദത്തിൽ ഡിജെ പരിപാടികൾ നടത്തുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇനിമുതൽ അനധികൃതമായി ഉച്ചഭാഷിണികൾ ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ നിന്നും അവ പിടിച്ചെടുക്കാനും ഉത്തരവ് സൂചിപ്പിക്കുന്നു. സർക്കാരും കോടതിയും നിർദ്ദേശിച്ചിട്ടുള്ള പ്രത്യേകമാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമായിരിക്കണം ഉച്ചഭാഷിണി ഉപയോഗം എന്നും മുഖ്യമന്ത്രി പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
അനധികൃത ഉച്ചഭാഷിണികളുടെ ഉപയോഗം തടയാൻ എല്ലാ ജില്ലകളിലും ഫ്ലയിംഗ് സ്ക്വാഡുകൾ രൂപീകരിക്കാനും മധ്യപ്രദേശ് സർക്കാർ തീരുമാനിച്ചു. ഫ്ലയിംഗ് സ്ക്വാഡുകൾക്ക് ഉച്ചഭാഷിണി ഉപയോഗിക്കുന്ന മതപരമായ സ്ഥലങ്ങളും പൊതുസ്ഥലങ്ങളും പതിവായി പരിശോധിക്കാൻ അധികാരം ഉണ്ടായിരിക്കും. നിയമങ്ങൾ ലംഘിച്ചാൽ പരമാവധി 3 ദിവസത്തിനുള്ളിൽ ശരിയായ അന്വേഷണം നടത്തി ബന്ധപ്പെട്ട അധികാരികൾക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യേണ്ടതാണ്.
Discussion about this post