മലപ്പുറം: ദൈവനിഷേധത്തിലേക്കും മതനിഷേധത്തിലേക്കും മുസ്ലിം യുവതയെ വഴിപിഴപ്പിക്കാൻ മാർക്സിസ്റ്റ് പാർട്ടി രംഗത്തുവരുന്നുവെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. മുസ്ലിം പെൺകുട്ടികളെ തട്ടിയെടുക്കാൻ നടത്തുന്ന ശ്രമങ്ങളെ സമുദായം ഒറ്റക്കെട്ടായി ചെറുക്കും. രാഷ്ട്രീയമായ അധികാരത്തിന്റെ അടിസ്ഥാനത്തിലും കേഡർ സംവിധാനത്തിന്റെ ബലത്തിലും പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പാർട്ടി ഓഫീസുകളിൽവെച്ച് മാല ചാർത്തി അന്യർക്ക് വിട്ടുകൊടുക്കാൻ അനുവദിക്കില്ലെന്നും കൂടത്തായി പറഞ്ഞു.
മുസ്ലിം ഐക്യനിരയിൽ നിന്ന് ആരെ അടർത്താൻ ശ്രമിച്ചാലും ശക്തമായി ചെറുക്കും. ആദർശസംരക്ഷണത്തിന് ഏതറ്റംവരെയും മുന്നോട്ടുപോകും. ആയിരം കൊല്ലം അധികാരമില്ലെങ്കിലും ആദർശരഹിതരോട് സന്ധിയില്ലെന്നുതന്നെയാണ് മുസ്ലിം സമുദായത്തിന്റെ നിലപാടെന്നും കൂടത്തായി കൂട്ടിച്ചേർത്തു.
മുസ്ലിം പെൺകുട്ടികളെ വശീകരിച്ച് സിപിഎം പാർട്ടി ഓഫീസിൽ കൊണ്ടുപോയി മുദ്രാവാക്യം വിളിക്കുന്നതിന്റെ രാഷ്ട്രീയം തിരിച്ചറിയണം. യൂത്ത് ലീഗിന്റെ യൂത്ത് മാർച്ചിന് പരപ്പനങ്ങാടിയിൽ ഒരുക്കിയ മണ്ഡലംതല സ്വീകരണസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നാസർ ഫൈസി കൂടത്തായി.
Discussion about this post