കൊച്ചി:എളമക്കരയില്‍ കൊല്ലപ്പെട്ട ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ സംസ്‌കാരം പോലീസ് നടത്തും.ദിവസങ്ങള്‍ പിന്നിട്ടിട്ടും കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആരും തയ്യാറാവാത്ത പശ്ചാത്തലത്തിലാണ് പോലീസ് തന്നെ സംസ്‌കാരം നടത്താന്‍ തീരുമാനിച്ചത്. ഒരാഴ്ച മുന്‍പ് എളമക്കരയിലെ ലോഡ്ജില്‍ വെച്ചാണ് കുഞ്ഞിന്റെ തലയ്ക്ക് ക്ഷതമേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്.
സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയും ആണ്‍സുഹൃത്തും അറസ്റ്റിലായി ദിവസങ്ങള്‍ പിന്നിട്ടിട്ടും കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് പോലീസ് മുന്നിട്ടിറങ്ങിയത്.നിലവില്‍ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിലാണ്.വെള്ളിയാഴ്ചയോ ശനിയാഴ്ചയോ സംസ്‌കാരം നടത്തും.
കുഞ്ഞിന്റെ അമ്മ ആലപ്പുഴ സ്വദേശിയായ അശ്വതിയും ആണ്‍സുഹൃത്ത് കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശിയായ വി.പി. ഷാനിഫും എളമക്കരയിലെ ലോഡ്ജില്‍ മുറിയെടുക്കുകയും കുഞ്ഞിന്റെ തല കാല്‍മുട്ടില്‍ ഇടിപ്പിച്ച് ഷാനിഫ് കുഞ്ഞിനെ കൊല്ലപ്പെടുത്തുകയുമായിരുന്നു. പിന്നീട് ആശുപത്രയില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നി പോലീസിനെ അറിയിക്കുകയായിരുന്നു.












