ന്യൂഡൽഹി: കഴിഞ്ഞ മാസം സമാപിച്ച ഏകദിന ലോകകപ്പ് ഇന്ത്യൻ സാമ്പത്തിക രംഗത്തിന് നൽകിയത് വമ്പൻ നേട്ടങ്ങളെന്ന് റിപ്പോർട്ട്. ഇന്ത്യ ആതിഥേയത്വം വഹിച്ച ലോകകപ്പ് കാണുന്നതിനായി വിദേശ രാജ്യങ്ങളിൽ നിന്നും ധാരാളം കാണികളെത്തി. ഇതിന്റെ ഫലമായി പ്രാദേശിക വിപണികളിൽ ഉൾപ്പെടെ വിദേശ വിനോദസഞ്ചാര വരുമാനത്തിൽ 400 ശതമാനത്തിന്റെ വർദ്ധനയുണ്ടായതായി മാസ്റ്റർകാർഡ് ഇക്കണോമിക്സ് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ലോകകപ്പ് ഫൈനലിൽ വിജയിച്ചത് ഓസ്ട്രേലിയ ആണെങ്കിലും യഥാർത്ഥ വിജയി ഇന്ത്യൻ സാമ്പത്തിക രംഗമായിരുന്നു. ചെറുകിട വ്യാപാരം, നാടൻ ഭക്ഷണശാലകൾ, കരകൗശല വ്യാപാരം, ഹോട്ടൽ വ്യവസായം എന്നിവിടങ്ങളിൽ വലിയ തോതിൽ സാമ്പത്തിക ഇടപാടുകൾ നടന്നു. ഇന്ത്യ- പാകിസ്താൻ മത്സരം, ഇന്ത്യ- ഇംഗ്ലണ്ട് മത്സരം, ഫൈനൽ മത്സരം എന്നിവ നടന്ന ദിവസങ്ങളിൽ വൻ തോതിൽ വിദേശ കറൻസി ഇന്ത്യൻ വിപണിയിൽ ഒഴുകിയെന്ന് റിപ്പോർട്ടിൽ പറയുന്നു. മത്സര ദിവസങ്ങളിലും തലേ ദിവസങ്ങളിലും പിറ്റേ ദിവസങ്ങളിലും വിപണികളിൽ വലിയ തോതിൽ വ്യാപാരം നടന്നു.
യാത്രകൾക്കും ഭക്ഷണത്തിനും താമസത്തിനും വേണ്ടിയാണ് വിദേശികൾ പ്രധാനമായും പണം ചിലവഴിച്ചത്. അഹമ്മദാബാദ്, ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിൽ മത്സര ദിവസങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണത്തിൽ 100 ശതമാനത്തിലധികം വർദ്ധനവ് ഉണ്ടായി. അഹമ്മദാബാദ്, ലഖ്നൗ, ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ ആഡംബര ഹോട്ടലുകളിൽ മത്സര ദിവസങ്ങളിലെ വരുമാനം 2.3 കോടി കടന്നു. സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് 36 ശതമാനത്തിന്റെ വരുമാന വർദ്ധനവാണ് ഇവിടങ്ങളിൽ ഉണ്ടായത്.
അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന ഒരു സമ്പദ്ഘടനക്ക് ഇത്തരത്തിലുള്ള ടൂർണമെന്റുകളുടെ നടത്തിപ്പ് ഊർജ്ജമാണ്. പ്രാദേശിക സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന ചെറുകിട വ്യവസായങ്ങൾക്കും ഇവ മുതൽക്കൂട്ടാണെന്നും റിപ്പോർട്ട് നിരീക്ഷിക്കുന്നു.
ഇന്ത്യ- പാകിസ്താൻ മത്സരസമയത്ത് അഹമ്മദാബാദിലെ ഭക്ഷണശാലകളിൽ 400 ശതമാനം വിദേശ വരുമാന വർദ്ധനവാണ് ഉണ്ടായത്. ഓൺലൈൻ ഭക്ഷണ വിതരണത്തിൽ 300 ശതമാനത്തിന്റെ വർദ്ധനവും ഉണ്ടായി.
അഹമ്മദാബാദിലെ ഫൈനലിനോടനുബന്ധിച്ച് ഹോട്ടലുകളിൽ വിദേശ സഞ്ചാരികളുടെ ബുക്കിംഗിൽ 52 മുതൽ 56 ശതമാനം വരെ വർദ്ധനവുണ്ടായി. ഭക്ഷണശാലകളിൽ 100 മുതൽ 200 ശതമാനം വരെ വിദേശ വരുമാന വർദ്ധനവുണ്ടായെന്നും മാസ്റ്റർകാർഡ് റിപ്പോർട്ടിൽ പറയുന്നു.
Discussion about this post