തിരുവനന്തപുരം : തനിക്കെതിരെ ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ സർക്കാർ അതിന് തീരുമാനമെടുക്കുമെന്ന് സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത്. മുഖ്യമന്ത്രി ആവശ്യപ്പെടുകയാണെങ്കിൽ അക്കാദമിയുടെ പടിയിറങ്ങാൻ തയ്യാറാണെന്നും രഞ്ജിത്ത് വ്യക്തമാക്കി. താൻ എകാധിപതി ആണോ എന്ന് അക്കാദമി വൈസ് ചെയർമാനും സെക്രട്ടറിയുമാണ് പറയേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം രഞ്ജിത്ത് നൽകിയ ഒരു അഭിമുഖത്തിലെ ചില പരാമർശങ്ങൾ വിവാദമായിരുന്നു. നടൻ ഭീമൻ രഘു സംവിധായകൻ ഡോ. ബിജു എന്നിവർക്കെതിരെ എല്ലാം രൂക്ഷമായ വിമർശനമാണ് രഞ്ജിത്ത് ഉന്നയിച്ചിരുന്നത്. രഞ്ജിത്തിന്റെ വാക്കുകൾ വലിയ വാർത്തയായതോടെ രഞ്ജിത്തിനെ ചെയർമാൻ സ്ഥാനത്തു നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് അക്കാദമി അംഗങ്ങള്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.
രഞ്ജിത്തിന്റെ നടപടികളെ കുറിച്ച് ചലച്ചിത്ര അക്കാദമിയിൽ നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നു. രഞ്ജിത്ത് ഏകാധിപതിയെ പോലെ എല്ലാം ഒറ്റയ്ക്ക് തീരുമാനിക്കുകയാണ് എന്നാണ് മറ്റു അംഗങ്ങൾക്കുള്ള പരാതി. കഴിഞ്ഞ ദിവസത്തെ സംഭവം കൂടി ആയതോടെ രഞ്ജിത്തിനെ ചെയർമാൻ സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സാംസ്കാരിക മന്ത്രിക്കും സാംസ്കാരിക സെക്രട്ടറിക്കും മറ്റ് അംഗങ്ങൾ പരാതി നൽകുകയായിരുന്നു. തനിക്കെതിരെ പരാതി നൽകിയവർക്ക് അതിന് അവകാശമുണ്ടെന്ന് രഞ്ജിത്ത് വ്യക്തമാക്കി. എന്നാൽ പരാതി പരിശോധിക്കേണ്ടതും നടപടിയെടുക്കേണ്ടതും സർക്കാർ ആണെന്നും രഞ്ജിത്ത് അഭിപ്രായപ്പെട്ടു.
Discussion about this post