ഉണ്ണി മുകുന്ദൻ നായകനായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ ‘ജയ് ഗണേഷ്’ റിലീസ് തീയതി പ്രഖ്യാപിച്ചു. കുട്ടികളുടെ ഏറെ പ്രിയപ്പെട്ട താരത്തിന്റെ ഈ പുതിയ ചിത്രം അവധിക്കാലത്താണ് തിയറ്ററുകളിലേക്ക് എത്തുന്നത്. 2024 ഏപ്രിൽ പതിനൊന്നിന് ആയിരിക്കും ചിത്രത്തിന്റെ റിലീസ് എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
നിരവധി അതിശയിപ്പിക്കുന്ന സിനിമകൾ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ് ഗണേഷ്. കുട്ടികളെ തിയേറ്ററുകളിലേക്ക് ആകർഷിക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കുന്നത്. ഈ വേനലവധിക്കാലം ജയ് ഗണേഷ് തരംഗം ആയിരിക്കും മലയാള സിനിമയിൽ ഉണ്ടാകുക എന്നാണ് കരുതപ്പെടുന്നത്. നേരത്തെ ഉണ്ണി മുകുന്ദൻ നായകനായി പുറത്തിറങ്ങിയ മാളികപ്പുറം എന്ന ചിത്രം കുട്ടികൾക്കും മുതിർന്നവർക്കും ഇടയിൽ ഒരുപോലെ തരംഗം സൃഷ്ടിച്ചിരുന്നു.
തമിഴിലും മലയാളത്തിലും നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമായ മഹിമ നമ്പ്യാർ ആണ് ജയ് ഗണേഷിൽ നായികയായി എത്തുന്നത്. നീണ്ട ഇടവേളയ്ക്കുശേഷം നടി ജോമോൾ സിനിമയിലേക്ക് തിരികെ എത്തുന്ന ചിത്രം കൂടിയാണ് ജയ് ഗണേഷ്. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കർ, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
Discussion about this post